ബാഴ്സയുടെ സാലറി ക്യാപ്പ് വർദ്ധിച്ചു, ഇനി കൂടുതൽ ശക്തി പ്രാപിക്കും!
സമീപകാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ അനുഭവിച്ചിരുന്നത്.അവരുടെ വരുമാനം നല്ല രൂപത്തിൽ കുറഞ്ഞിരുന്നു.അത് അവർക്ക് തിരിച്ചടിയായി.ഇതോടുകൂടി അവരുടെ സാലറി ക്യാപ്പ് ഇടിയുകയും ചെയ്തു. കൂടുതൽ താരങ്ങളെ കൊണ്ടുവരുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും നിലവിലുള്ള താരങ്ങളുടെ കോൺട്രാക്ട് പുതുക്കുന്നതിനുമൊക്കെ ഇത് വലിയ തടസ്സമായിരുന്നു.എന്നാൽ പതിയെ പതിയെ എഫ്സി ബാഴ്സലോണ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.
ലാലിഗ അവരുടെ പുതിയ സാലറി ക്യാപ്പ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബാഴ്സക്ക് വലിയ നേട്ടം രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. നിലവിൽ അവരുടെ സാലറി ക്യാപ്പ് 426 മില്യൺ യൂറോ ആയി കൊണ്ട് വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കേവലം 204 മില്യൺ യൂറോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതാണ് 426 മില്യൺ യൂറോയിലേക്ക് എത്തിയിട്ടുള്ളത്. ബാഴ്സ അവരുടെ വരുമാനം വർദ്ധിപ്പിച്ചുവെന്നും ചിലവ് കുറച്ചു എന്നുമാണ് ഇതിന്റെ കാരണമായി കൊണ്ട് ലാലിഗ പ്രസിഡന്റായ ടെബാസ് പറഞ്ഞിട്ടുള്ളത്.
എന്നാൽ സാലറി ക്യാപ്പിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡാണ്.754 മില്യൺ യൂറോയാണ് അവരുടെ നിലവിലെ സാലറി ക്യാപ്പ്. മൂന്നാം സ്ഥാനത്ത് അത്ലറ്റിക്കോ മാഡ്രിഡ് വരുന്നു.310 മില്യൺ യൂറോയാണ് അവരുടെ സാലറി ക്യാപ്പ്.റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ 300 മില്യൺ യൂറോയോളം വരുന്ന അന്തരമുണ്ട്.പക്ഷേ ബാഴ്സലോണ കൂടുതൽ മെച്ചപ്പെട്ടു വരുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ബാഴ്സക്ക് ഇനി ശക്തി വർധിപ്പിക്കാൻ സാധിക്കും.വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ കൊണ്ടുവരാനും രജിസ്റ്റർ ചെയ്യാനും സാധിക്കും.കഴിഞ്ഞ സമ്മറിൽ ഒരു താരത്തെ മാത്രമാണ് ക്ലബ്ബ് സൈൻ ചെയ്തിട്ടുള്ളത്.എന്നിരുന്നാലും ഒരു ഗംഭീര തുടക്കം ലാലിഗയിൽ ബാഴ്സലോണക്ക് ലഭിച്ചിട്ടുണ്ട്.കളിച്ച നാലു മത്സരങ്ങളിലും അവർ വിജയം സ്വന്തമാക്കിയിട്ടുണ്ട്.