ബാഴ്സയുടെ ലക്ഷ്യമായ പോർച്ചുഗീസ് സൂപ്പർതാരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ്ബുകൾ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണക്ക് അവരുടെ മുന്നേറ്റ നിരയിലെ പ്രധാനപ്പെട്ടതാരമായ ഒസ്മാൻ ഡെമ്പലെ നഷ്ടമായത്. അദ്ദേഹം പിഎസ്ജിയിലേക്ക് പോവുകയായിരുന്നു.മാത്രമല്ല ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞക്ക് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. മുന്നേറ്റ നിരയിലേക്ക് ഒരു വിങ്ങറെ ഇപ്പോൾ ബാഴ്സക്ക് അത്യാവശ്യമാണ്.

ആ സ്ഥാനത്തേക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സിനെയാണ്.അദ്ദേഹം ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് മാത്രമല്ല,ബാഴ്സയിലേക്ക് വരാനുള്ള ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാഴ്സയിലേക്ക് വരാൻ തന്റെ സാലറി ഭീമമായ രൂപത്തിൽ കുറക്കാൻ പോലും അദ്ദേഹം തയ്യാറാണ്.പക്ഷേ താരത്തിന്റെ കാര്യത്തിൽ സാവിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോൾ സാവി അദ്ദേഹത്തെ കൊണ്ടുവരാനുള്ള അനുമതി നൽകി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്. എന്നാൽ ഇതിനിടെ മറ്റൊരു റിപ്പോർട്ട് ഫാബ്രിസിയോ റൊമാനോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് സൗദി അറേബ്യയിലെ ചില ക്ലബ്ബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അവർ അത്ലറ്റിക്കോ മാഡ്രിഡിനെയും ഫെലിക്സിന്റെ ക്യാമ്പിനെയും ബന്ധപ്പെട്ടിട്ടുണ്ട്.പക്ഷേ താരം നിലപാട് മാറ്റിയിട്ടില്ല, ബാഴ്സയിലേക്ക് പോകാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

താരത്തിന്റെ സാലറി ബാഴ്സക്ക് ഒരു പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ എത്തിക്കുകയാണെങ്കിൽ അത് ലോൺ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ഫെലിക്സിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താനാവും ബാഴ്സ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *