ബാഴ്സയുടെ ബ്രസീലിയൻ താരത്തെ ലീഡ്‌സ് യുണൈറ്റഡിന് വേണം !

പതിനാറ് വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്കുള്ള വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്. മികച്ച താരങ്ങളെ ക്ലബ്ബിൽ എത്തിച്ചു കൊണ്ട് ക്ലബ്ബിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയൽസ. ഇപ്പോഴിതാ എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ താരം റഫീഞ്ഞയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്. പ്രമുഖമാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തങ്ങളുടെ റെക്കോർഡ് സൈനിങ്‌ ലീഡ്‌സ് യുണൈറ്റഡ് പൂർത്തിയാക്കിയിരുന്നു. വലൻസിയയിൽ നിന്നും സ്പാനിഷ് സൂപ്പർ സ്ട്രൈക്കെർ റോഡ്രിഗോ മൊറീനോയെയാണ് ലീഡ്‌സ് യുണൈറ്റഡ് എത്തിച്ചത്. ഇപ്പോഴിതാ മധ്യനിരയിൽ റഫീഞ്ഞയെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്.

ഇരുപത്തിയേഴുകാരനായ താരം ഈ സീസണിൽ സെൽറ്റ വിഗോക്കൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. ലോണിൽ ആയിരുന്നു താരത്തെ സെൽറ്റ വിഗോ ബാഴ്സയിൽ നിന്നും എത്തിച്ചത്. പതിനാലു മില്യൺ പൗണ്ട് ആണ് താരത്തിന് ബാഴ്സ വിലയിട്ടിരിക്കുന്നത്. ബയേൺ സൂപ്പർ താരം തിയാഗോ അൽകാന്ററയുടെ സഹോദരനാണ് റഫീഞ്ഞ. തിയാഗോയും പ്രീമിയർ ലീഗിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ്. ബയേണിൽ നിന്നും ലിവർപൂൾ ആണ് താരത്തെ റാഞ്ചാനൊരുങ്ങുന്നത്. ലീഡ്‌സ് യുണൈറ്റഡ് മികച്ച ഒരു പ്രതിരോധനിര താരത്തെ കൂടി ടീമിൽ എത്തിച്ചിട്ടുണ്ട്. ഫ്രീബർഗ് ഡിഫൻഡർ റോബിൻ കോച്നെയാണ് ലീഡ്‌സ് ടീമിൽ എത്തിച്ചത്. 11.5 മില്യൺ പൗണ്ടിനാണ് താരത്തെ ലീഡ്‌സ് റാഞ്ചിയത്. റഫീഞ്ഞയെ കൂടി ടീമിൽ എത്തിച്ചാൽ ടീം ശക്തിപ്പെടും എന്ന കണക്കുകൂട്ടലിലാണ് ബിയൽസ.

Leave a Reply

Your email address will not be published. Required fields are marked *