ബാഴ്സയിൽ പോവാൻ എല്ലാം ശരിയാക്കിയിരുന്നു,പക്ഷേ : റോഡ്രിഗോ

2019ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ സാന്റോസ് വിട്ടുകൊണ്ട് റയൽ മാഡ്രിഡിൽ എത്തിയത്. താരത്തിന് വേണ്ടി 45 മില്യൺ യൂറോയായിരുന്നു റയൽ ചിലവഴിച്ചിരുന്നത്. ടീമിലെ നിർണായക ഘടകമായി മാറാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ റോഡ്രിഗോക്ക് സാധിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ ആകെ 7 കിരീടങ്ങൾ ഈ കാലയളവ് കൊണ്ട് തന്നെ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ റയൽ മാഡ്രിഡിന്റെ ചിരവൈരികളായ എഫ്സി ബാഴ്സലോണ ആയിരുന്നു താരത്തിന് വേണ്ടി ആദ്യം ശ്രമങ്ങൾ നടത്തിയിരുന്നത്.ബാഴ്സയിലേക്ക് പോകാൻ വേണ്ടി എല്ലാം ശരിയാക്കിയിരുന്നുവെന്നും എന്നാൽ റയൽ മാഡ്രിഡ് വന്നതോടുകൂടി താൻ അവരെ തിരഞ്ഞെടുക്കുകയായിരുന്നു എന്നുമുള്ള വെളിപ്പെടുത്തൽ ഇപ്പോൾ റോഡ്രിഗോ നടത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമായിരുന്നു അതെന്നും റോഡ്രിഗോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എപ്പോഴും ഈ കാര്യത്തെക്കുറിച്ച് എന്റെ പിതാവിനോട് സംസാരിക്കാറുണ്ട്. എനിക്ക് രണ്ട് ജേഴ്സികളായിരുന്നു ഉണ്ടായിരുന്നത്. എഫ്സി ബാഴ്സലോണയുടെതും റയൽ മാഡ്രിഡിന്റെതും.എനിക്ക് അതിലൊന്നിനെ തിരഞ്ഞെടുക്കണമായിരുന്നു. എഫ്സി ബാഴ്സലോണയിലേക്ക് പോകാൻ ഞാൻ എല്ലാം ശരിയാക്കിയിരുന്നു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടാണ് റയൽ മാഡ്രിഡ് അപ്പോൾ കടന്നുവന്നത്. ഞാൻ ഒരിക്കലും റയൽ എനിക്ക് വേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് ഒരല്പം ഭയമൊക്കെ തോന്നി.ഞാൻ റയലിനെ തിരഞ്ഞെടുത്തു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത് ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലും മികച്ച പ്രകടനം റയലിനുവേണ്ടി പുറത്തെടുക്കാൻ റോഡ്രിഗോക്ക് സാധിക്കുന്നുണ്ട്. നാല് ഗോളുകളും 5 അസിസ്റ്റുകളും ഈ ലാലിഗയിൽ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ റയലിനെ രക്ഷിച്ചെടുത്തത് റോഡ്രിഗോയുടെ മാസ്മരിക പ്രകടനം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *