ബാഴ്സയിൽ കളിക്കുന്നത് നല്ലൊരു അനുഭവമായിരിക്കുമെന്ന് ദിബാല

സ്പാനിഷ് വമ്പൻമാരായ ബാഴ്‌സയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കെർ പൌലോ ദിബാല. കഴിഞ്ഞ ദിവസം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ബാഴ്സയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. അർജന്റീനയിലെ തന്റെ സഹതാരമായ മെസ്സി നയിക്കുന്ന ബാഴ്‌സ വലിയൊരു ക്ലബാണെന്നും അവിടെ കളിക്കുന്നത് നല്ലൊരു അനുഭവമായിരിക്കുമെന്നാണ് ദിബാലയുടെ പ്രസ്താവന. എന്നാൽ ബാഴ്സയിലേക്ക് പോവുമോ എന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ താരം നൽകിയിട്ടില്ല. നിലവിൽ യുവന്റസിൽ സന്തോഷവാനാണെന്നും കരാർ നീട്ടാനുള്ള ആലോചനകളിലാണെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ മുൻപ് ചില ആശങ്കാജനകമായ കാര്യങ്ങൾ ദിബാല പങ്കുവെച്ചിരുന്നു. കോവിഡിൽ നിന്ന് മുക്തനായെങ്കിലും നൂറു ശതമാനം താൻ ഫിറ്റ്‌ ആയിട്ടില്ല എന്ന് താരം അറിയിച്ചിരുന്നു. ക്ലബിന്റെ പ്രസിഡന്റുമായും സഹതാരങ്ങളുമായും വളരെ നല്ല രീതിയിൽ ഉള്ള ബന്ധമാണെന്നും ക്ലബ്‌ തയ്യാറായാൽ കരാർ പുതുക്കുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിക്കുമെന്നും താരം അറിയിച്ചു.

” സത്യത്തിൽ ബാഴ്സലോണ ലോകത്തിലെ തന്നെ വലിയൊരു ക്ലബാണ്. മെസ്സിയും കൂടി ചേരുമ്പോൾ അത് കൂടുതൽ ഭീമാകാരമായി മാറുന്നു. ബാഴ്‌സയിലായിരിക്കുക എന്നുള്ളത് മികച്ചൊരു അനുഭവമായിരിക്കും ” ബാഴ്‌സയെ കുറിച്ച് ദിബാല പറഞ്ഞു. ” പക്ഷെ യുവന്റസ് ഒരു അവിശ്വസനീയമായ ടീമാണ്. ക്ലബിന്റെ ചരിത്രത്തിലായാലും നിലവിലായാലും ഒട്ടേറെ മികച്ച താരങ്ങൾ യുവന്റസിലുണ്ട്. നിലവിൽ ബഫണും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസിനെ വലിയൊരു ക്ലബാക്കി മാറ്റുന്നു. നിലവിൽ ഒന്നര വർഷം കൂടി എന്റെ കരാറിൽ ബാക്കിയുണ്ട്. ക്ലബ് ഇപ്പോൾ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാൽ തീർച്ചയായും കരാർ പുതുക്കുന്നതിനെ പറ്റി ഞങ്ങൾ ചർച്ച ചെയ്യും. തീർച്ചയായും ഞാൻ യുവന്റസിൽ വളരെയധികം സന്തോഷവാനാണ്. ഇവിടുത്തെ പ്രസിഡന്റുമായും താരങ്ങളുമായും വളരെ നല്ല ബന്ധമാണ് പുലർത്തികൊണ്ട് പോരുന്നത്. ഇവിടുത്തെ ആളുകളും എന്നെ ഒരുപാട് സ്നേഹിക്കുന്നു ” അഭിമുഖത്തിൽ ദിബാല പറഞ്ഞു. ഈ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും ഏഴ് അസിസ്റ്റുകളും താരം നേടി കഴിഞ്ഞു. കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ താരത്തെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *