ബാഴ്സയിലേക്ക് മെസ്സി മാജിക്ക് തിരികെ കൊണ്ട് വന്ന് പെഡ്രി!
ഈ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടത്.മെസ്സിയുടെ അഭാവം ബാഴ്സക്ക് കനത്ത തിരിച്ചടിയായിരുന്നു.സീസണിന്റെ തുടക്കത്തിൽ നിരവധി മത്സരങ്ങൾ ബാഴ്സ പരാജയപ്പെടുകയും ചെയ്തു.
എന്നാൽ സാവി ബാഴ്സയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ക്ലബ്ബിന്റെ സമയം തെളിഞ്ഞു.കഴിഞ്ഞ 14 മത്സരങ്ങളിൽ ഒന്നിൽ പോലും ബാഴ്സ പരാജയപ്പെട്ടിട്ടില്ല.ഈയൊരു കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്നത് മധ്യനിരയിലെ യുവസൂപ്പർ താരമായ പെഡ്രിയാണ്.പെഡ്രി ക്യാമ്പ് നൗവിലേക്ക് മെസ്സി മാജിക്ക് തിരികെ കൊണ്ടു വന്നു എന്നാണ് ഗോൾ ഡോട്ട് കോം ഇപ്പോൾ വിശേഷിപ്പിച്ചിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) April 8, 2022
തുടക്കത്തിൽ പരിക്ക് മൂലം ജനുവരി വരെയുള്ള മത്സരങ്ങൾ പെഡ്രിക്ക് നഷ്ടമായിരുന്നു. എന്നാൽ താരം തിരികെ വന്നതോടുകൂടി ബാഴ്സ ഊർജ്ജസ്വലരായി. മധ്യനിരയിൽ പെഡ്രി കാര്യങ്ങൾ നിയന്ത്രിച്ചതോടെയാണ് ബാക്കിയുള്ള താരങ്ങൾക്ക് കാര്യങ്ങൾ സുഗമമായത്.അത്ലറ്റിക്ക് ക്ലബ്ബ് താരമായ ബലൻസിയാഗക്കെതിരെയുള്ള പെഡ്രിയുടെ നട്ട്മഗ് ആരാധകരുടെ മനം നിറച്ചു.ഗലാറ്റസരെക്കെതിരെ രണ്ട് പ്രതിരോധനിര താരങ്ങളെ നിലത്ത് വീഴ്ത്തി കൊണ്ട് പെഡ്രി നേടിയ ഗോൾ വലിയ പ്രശംസകൾ നേടി.സെവിയ്യക്കെതിരെയും പെഡ്രി സമാനമായ ഗോൾ നേടിയപ്പോൾ ക്യാമ്പ് നൗ പൊട്ടിത്തെറിക്കുകയായിരുന്നു.
മുമ്പ് ക്യാമ്പ് നൗവിൽ മുഴങ്ങി കേട്ടിരുന്ന മെസ്സി,മെസ്സി എന്ന ചാന്റിന് പകരം ഇപ്പോൾ പെഡ്രി,പെഡ്രി എന്ന ചാന്റാണ്. ബാഴ്സ പരിശീലകനായ സാവിക്കും താരത്തെ കുറിച്ച് സംസാരിക്കാൻ നൂറ് നാവാണ്. മാന്ത്രികനായ പെഡ്രി പോട്ടർ എന്നാണ് ആരാധകർ ഇപ്പോൾ താരത്തെ വിളിക്കുന്നത്.