ബാഴ്സയിലെ തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ജെറാർഡ് പിക്വേ !

എഫ്സി ബാഴ്സലോണ നിർണായകതാരങ്ങളിലൊരാളാണ് ജെറാർഡ് പിക്വേ എന്ന കാര്യത്തിൽ സംശയമില്ല. ബാഴ്സയുടെ പ്രതിരോധനിരയിലെ നിറസാന്നിധ്യമായ താരം ഒട്ടേറെ കിരീടനേട്ടങ്ങളിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബാഴ്സയിലെ തന്റെ പ്രധാനപ്പെട്ട സ്വപ്നം വെളിപ്പെടുത്തിയിരിക്കുകയാണ് പിക്വേ. ഒരിക്കൽ ബാഴ്സയുടെ പ്രസിഡന്റ്‌ ആവണമെന്നാണ് തന്റെ സ്വപ്നമെന്ന് പിക്വേ തുറന്നു പറഞ്ഞിരിക്കുകയാണ്. നിലവിലെ പ്രസിഡന്റ്‌ ഇലക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്‌ മാർക്കക്ക്‌ മറുപടി നൽകവേയാണ് പിക്വേ തന്റെ സ്വപ്നം വെളിപ്പെടുത്തിയത്. 2024 വരെയാണ് പിക്വേക്ക്‌ ബാഴ്സലോണയിൽ കരാറുള്ളത്. താരത്തിന്റെ മുപ്പത്തിയേഴാം വയസ്സ് വരെ ഈ സ്പാനിഷ് താരത്തിന് ബാഴ്സയിൽ താരമായി തുടരാം. ബാഴ്സ താരമായതിനാൽ ഇപ്പോൾ അതിലേക്ക് തിരിയാൻ കഴിയില്ലെന്നും ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയില്ലെന്നുമാണ് പിക്വേ കൂട്ടിച്ചേർത്തത്.

” ഇലക്ഷൻ അടുത്തു കഴിഞ്ഞു. ഒരു താരമായതിനാൽ എനിക്ക് ഇപ്പോൾ ആ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. പക്ഷെ ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയാൻ കഴിയില്ല. ഒരു കൂളെയായതിൽ ഞാൻ സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു. എനിക്ക് അറിയാവുന്ന പോലെ ഈ ക്ലബ്ബിനെ സേവിക്കാൻ ഞാൻ സജ്ജനാണ്. ഒരിക്കൽ ബാഴ്‌സയുടെ പ്രസിഡന്റ്‌ ആവാൻ ഞാൻ തയ്യാറെടുക്കും. ക്ലബിന് വേണ്ടി കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. ക്ലബ്ബിന്റെ പ്രസിഡന്റ്‌ ആവുക എന്നുള്ളത് എന്റെ സ്വപ്നമാണ്. പക്ഷെ അത്‌ ഭാവിയിൽ സംഭവിക്കുമോ എന്നുള്ളത് എനിക്കറിയില്ല ” പിക്വേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *