ബാഴ്സയിലെത്തുന്നത് കരിയറിലെ ഏറ്റവും വലിയ ചുവടുവെപ്പെന്ന് ഡീപേ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേ എഫ്സി ബാഴ്സലോണയിൽ എത്തിയത്. ഫ്രീ ട്രാൻസ്ഫറിൽ രണ്ട് വർഷത്തെ കരാറിലാണ് ഡീപേ ബാഴ്സയുമായി ഒപ്പ് വെച്ചത്. 27-കാരനായ താരം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നുവെങ്കിലും നിറം മങ്ങിയിരുന്നു. തുടർന്ന് ലിയോണിൽ എത്തിയ താരം തന്റെ ഫോം വീണ്ടെടുക്കുകയായിരുന്നു. ഏതായാലും എഫ്സി ബാഴ്സലോണയിലെത്തിയത് തന്റെ കരിയറിലെ ഏറ്റവും വലിയ ചുവടുവെപ്പാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡീപേ.യൂറോ കപ്പിൽ നെതർലാന്റ്സിന്റെ മത്സരത്തിന് ശേഷം ഒരു ഡച്ച് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഡീപേ ഇക്കാര്യം വ്യക്തമാക്കിയത്.
#NED 🦁 Memphis Depay celebrating his goal against North Macedonia #EURO2020 pic.twitter.com/NCjCyGG44k
— FCBarcelonaFl (@FCBarcelonaFl) June 21, 2021
” ക്ലബുമായി ഞാൻ കരാറിൽ ഏർപ്പെട്ടിരിക്കുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്.എന്റെ കരിയറിൽ എപ്പോഴും ഉയർച്ചകളും താഴ്ച്ചകളുമുണ്ടായിരുന്നു.നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളുമുണ്ടായിരുന്നു.ഞാൻ അതിൽ നിന്നെല്ലാം പഠിക്കുകയാണ് ചെയ്തത്. അത്കൊണ്ട് തന്നെ എന്റെ കരിയറിലെ ഏറ്റവും ചുവട് വെപ്പാണ് ഞാൻ ബാഴ്സയിൽ എത്തിയതിലൂടെ നടത്തിയിരിക്കുന്നത് ” ഡീപേ പറഞ്ഞു.
നിലവിൽ യൂറോ കപ്പ് കളിക്കുന്ന നെതർലാന്റ് ടീമിനൊപ്പമാണ് ഡീപേ. മികച്ച പ്രകടനമാണ് നെതർലാന്റ് കാഴ്ച്ചവെക്കുന്നത്. മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിക്കാൻ നെതർലാന്റ്സിന് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഡീപേയും മികച്ച ഫോമിൽ കളിക്കുന്നത് ബാഴ്‌സ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.