ബാഴ്സക്ക് സെവിയ്യയുടെ സമനിലപ്പൂട്ട്, നിർണായകപോയിന്റുകൾ നഷ്ടപ്പെടുത്തി ബാഴ്സ

ലാലിഗയിൽ ഇന്നലെ നടന്ന മുപ്പതാംറൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബാഴ്സക്ക് സമനിലപ്പൂട്ട്. സെവിയ്യയാണ് സ്വന്തം മൈതാനത്ത് ബാഴ്സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരങ്ങൾ അടങ്ങുന്ന ബാഴ്സയെ ഫലപ്രദമായി സെവിയ്യ പ്രതിരോധിച്ചതോടെ ബാഴ്സയുടെ പക്കലിൽ നിന്നും നഷ്ടമായത് വിലപ്പെട്ട രണ്ട് പോയിന്റുകളാണ്.പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള സെവിയ്യ പലപ്പോഴും ബാഴ്സക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു സൃഷ്ടിച്ചത്. ഈ സമനില ബാഴ്‌സയെ സംബന്ധിച്ചെടുത്തോളം വലിയൊരു തിരിച്ചടി തന്നെയാണ്.ഇതോടെ മുപ്പത് മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. ഒരു മത്സരം കുറച്ചു കളിച്ച റയലിന് 62 പോയിന്റുമുണ്ട്. റയൽ മാഡ്രിഡ്‌ അടുത്ത മത്സരം വിജയിക്കുകയും മൂന്നിൽ പരം ഗോളുകൾ നേടുകയും ചെയ്താൽ ബാഴ്‌സയുടെ ഒന്നാം സ്ഥാനം നഷ്ടമായേക്കും.

ലയണൽ മെസ്സി, ബ്രാത്വെയിറ്റ് എന്നിവരോടൊപ്പം സുവാരസും ആദ്യപതിനൊന്നിൽ ഇടംനേടുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പതിവ് പോലെ ബാഴ്‌സ നിയന്ത്രണമേറ്റെടുക്കാൻ ശ്രമിച്ചു. അവസരം കിട്ടുമ്പോഴെല്ലാം ഗോൾ മുഖത്തേക്ക് ഇരച്ചു കയറി ഗോൾ നേടാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും സെവിയ്യ അതെല്ലാം തന്നെ നിഷ്പ്രഭമാക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റെഗിലോൺ ഗോളവസരം പാഴാക്കിയില്ലായിരുന്നുവെങ്കിൽ ബാഴ്സ തോൽവി രുചിച്ചേനെ. സമനിലയോടെ മുപ്പത് മത്സരങ്ങളിൽ നിന്ന് 52 പോയിന്റോടെ മൂന്നാമതാണ് സെവിയ്യ. ഒരു മത്സരം കുറച്ചു കളിച്ച അത്ലറ്റികോ മാഡ്രിഡിന് 49 പോയിന്റാണ്. ഇന്നലത്തെ സമനിലയോടെ സെവിയ്യയുടെ മൂന്നാം സ്ഥാനവും അരക്ഷിതാവസ്ഥയിലായിട്ടുണ്ട്. നാളെ രാത്രി ഇന്ത്യൻ സമയം ഒന്നര മണിക്കാണ് റയലിന്റെ മത്സരം. റയൽ സോസിഡാഡാണ് റയലിന്റെ എതിരാളികൾ. ഈ മത്സരത്തിൽ റയൽ വിജയിച്ചാൽ കിരീടപോരാട്ടം മുറുകിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *