ബാഴ്സക്ക് വേണ്ടി കളിക്കണം, അതെന്റെ സ്വപ്നമാണ്:തുറന്നു പറഞ്ഞ് പോർച്ചുഗീസ് സൂപ്പർ താരം.

അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സ് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിടുകയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലേക്ക് പോവുകയും ചെയ്തിരുന്നു.അവിടെ ആകെ കളിച്ച 20 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ഈ പോർച്ചുഗീസ് താരം നേടിയത്. എന്നാൽ ഫെലിക്സിനെ ചെൽസി നിലനിർത്തിയിരുന്നില്ല.

അത്ലറ്റിക്കോയിൽ തന്നെ മടങ്ങിയെത്തിയ ഫെലിക്സ് ക്ലബ്ബിൽ തുടരാൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹവും പരിശീലകനായ ഡിയഗോ സിമയോണിയും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നിട്ടുണ്ട്. ഇപ്പോഴിതാ താൻ പോകാൻ ആഗ്രഹിക്കുന്ന ക്ലബ്ബ് എഫ്സി ബാഴ്സലോണയാണ് എന്നത് ഫെലിക്സ് തുറന്നു പറഞ്ഞിട്ടുണ്ട്.ബാഴ്സക്ക് വേണ്ടി കളിക്കൽ തന്റെ സ്വപ്നമാണെന്നും ഈ പോർച്ചുഗീസ് സൂപ്പർ താരം കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്.എപ്പോഴും എന്റെ ഫസ്റ്റ് ചോയ്സ് ബാഴ്സലോണയാണ്.തീർച്ചയായും ഞാൻ ബാഴ്സയിലേക്ക് പോവാൻ ആഗ്രഹിക്കുന്നു. ബാഴ്സക്ക് വേണ്ടി കളിക്കുക എന്നുള്ളത് കുട്ടിക്കാലം തൊട്ടേയുള്ള എന്റെ വലിയ ഒരു സ്വപ്നമാണ്. അത് സംഭവിച്ചു കഴിഞ്ഞാൽ എന്റെ ഒരു സ്വപ്നസാക്ഷാത്കാരമായിരിക്കും ” ഇതാണ് ജോവോ ഫെലിക്സ് പറഞ്ഞിട്ടുള്ളത്.

പക്ഷേ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഈ താരത്തെ ബാഴ്സ സ്വന്തമാക്കാൻ സാധ്യത കുറവാണ്.എന്തെന്നാൽ സാമ്പത്തിക പ്രയാസങ്ങൾ ഇപ്പോഴും ബാഴ്സയെ അലട്ടുന്നുണ്ട്. മാത്രമല്ല വലിയ ഒരു തുക തന്നെ താരത്തിന് വേണ്ടി ബാഴ്സക്ക് മുടക്കേണ്ടി വന്നേക്കും. എന്തെന്നാൽ തങ്ങളുടെ റെക്കോർഡ് തുകക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ഈ പോർച്ചുഗീസ് സൂപ്പർതാരത്തെ ബെൻഫിക്കയിൽ നിന്നും സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *