ബാഴ്സക്ക് വലിയ ആശ്വാസം, ടൈഗ്രിഞ്ഞോ ജനുവരിയിൽ എത്തുന്നു,ശനിയാഴ്ച കളത്തിലേക്കും!

എഫ്സി ബാഴ്സലോണ ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കുന്നുണ്ട്.പക്ഷേ മികച്ച ഒരു രീതിയിലേക്ക് മാറാൻ ഇപ്പോഴും അവർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും അവർക്ക് തോൽവികൾ ഏറ്റുവാങ്ങേണ്ടി വരുന്നു. അവരുടെ പ്രധാനപ്പെട്ട സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ഗോളടിക്കാൻ ബുദ്ധിമുട്ടിയ ഒരു സമയമായിരുന്നു ഇത്.ബയേണിലേതു പോലെ ബാഴ്സയിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്സലോണ ബ്രസീലിയൻ യുവ സൂപ്പർതാരമായ വിറ്റോർ റോക്കിനെ സ്വന്തമാക്കിയത്.ടൈഗ്രിഞ്ഞോ എന്നറിയപ്പെടുന്ന താരം സമീപകാലത്ത് മികച്ച പ്രകടനമാണ് ബ്രസീലിൽ പുറത്തെടുക്കുന്നത്.അത്ലറ്റിക്കോ പാരനെയ്ൻസിൽ നിന്നായിരുന്നു ബാഴ്സ അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നത്. എന്നാൽ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ചേരുക എന്നായിരുന്നു റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നത്.

പക്ഷേ ഈ ജനുവരിയിൽ തന്നെ അദ്ദേഹത്തെ കൊണ്ടുവരാൻ ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു.അതിപ്പോൾ ഫലം കണ്ടിട്ടുണ്ട്.ജനുവരിയിൽ അദ്ദേഹത്തെ കൊണ്ടുവരാനും രജിസ്റ്റർ ചെയ്യാനും ലാലിഗ ബാഴ്സക്ക് അനുമതി നൽകി കഴിഞ്ഞു.ഈ 18 കാരനായ താരം ലോണിലാണ് അടുത്ത ആറുമാസം ബാഴ്സയിൽ കളിക്കുക. അതിനുശേഷം ഡീൽ സ്ഥിരപ്പെടുകയും ചെയ്യും.

മാത്രമല്ല ദീർഘകാലമായി അദ്ദേഹം പരിക്കിന്റെ പിടിയിലാണ്.പക്ഷേ ഈ സൂപ്പർ താരം ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ അദ്ദേഹം ബ്രസീലിയൻ ക്ലബ്ബിനുവേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കിൽ നിന്നും അദ്ദേഹം മുക്തനായി കഴിഞ്ഞിട്ടുണ്ട്.ഇതും ബാഴ്സക്ക് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഈ സീസണിൽ 22 ബ്രസീലിയൻ ലീഗ് മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും യുവതാരം സ്വന്തമാക്കിയിട്ടുണ്ട്.ബാഴ്സയിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *