ബാഴ്സക്ക് പണി കിട്ടി,സൂപ്പർ താരത്തിന്റെ പരിക്ക് ഗുരുതരം
ഇപ്പോൾ അവസാനിച്ച കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലും ഉറുഗ്വയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ പരാജയപ്പെടുത്താൻ ഉറുഗ്വക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് അവർ കൊളംബിയയോട് തോൽക്കുകയായിരുന്നു. പക്ഷേ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ അവരുടെ സൂപ്പർ താരമായ റൊണാൾഡ് അരൗഹോക്ക് പരിക്കേറ്റിരുന്നു.
താരത്തിന്റെ പരിക്ക് ഒരല്പം ഗുരുതരമാണ്.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ഈ പ്രതിരോധനിര താരത്തെ അലട്ടുന്നത്.താരത്തിന് സർജറി ആവശ്യമാണ്. ചുരുങ്ങിയത് നാല് മാസമെങ്കിലും അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിക്കുന്നത് അദ്ദേഹത്തിന്റെ ക്ലബ്ബായ ബാഴ്സലോണക്കാണ്.
ഡിസംബർ മാസത്തിൽ മാത്രമായിരിക്കും അരൗഹോ കളിക്കളത്തിലേക്ക് തിരിച്ചെത്തുക.അതായത് പുതിയ സീസണിന്റെ പകുതിയോളം അദ്ദേഹത്തിന് നഷ്ടമാകും. ബാഴ്സയുടെ ഡിഫൻസിലെ പ്രധാനപ്പെട്ട ഘടകമാണ് അരൗഹോ. അദ്ദേഹത്തിന്റെ അഭാവം വരുന്ന സീസണിലെ അവരുടെ പ്ലാനുകളെ താളം തെറ്റിക്കും. താരത്തിന് സർജറി വേണം എന്നുള്ള ബാഴ്സലോണ തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ബാഴ്സയിൽ വെച്ചുകൊണ്ടാണ് കൂടുതൽ പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയമാക്കിയിട്ടുള്ളത്.
നിലവിൽ 2026 വരെയാണ് അദ്ദേഹത്തിന് കരാർ അവശേഷിക്കുന്നത്. അദ്ദേഹം ബാഴ്സ വിട്ടേക്കും എന്നുള്ള റൂമറുകൾ നേരത്തെ പുറത്തേക്കു വന്നിരുന്നു.ബയേൺ മ്യൂണിക്കും അതുപോലെതന്നെ പ്രീമിയർ ലീഗ് ക്ലബ്ബുകളും അദ്ദേഹത്തിന് വേണ്ടി ശ്രമിച്ചിരുന്നു.പക്ഷേ താരം ബാഴ്സലോണയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഏതായാലും പുതിയ പരിശീലകനായ ഹാൻസി ഫ്ലിക്ക് അരൗഹോയുടെ അഭാവത്തിലും മികച്ച ഒരു ഡിഫൻസ് കെട്ടിപ്പടുക്കാൻ തന്നെയായിരിക്കും ശ്രമിക്കുക.