ബാഴ്സക്ക് കിരീടം നൽകുന്നത് അനീതി, റയൽ മികച്ചതാണെന്ന് തെളിയിക്കും:കോർട്ടുവ
ലാലിഗ ഉപേക്ഷിക്കുന്ന സാഹചര്യം വന്നാൽ ബാഴ്സലോണയെ ചാമ്പ്യൻമാരാക്കുന്നത് തികച്ചും അനീതിയായിരിക്കുമെന്ന് റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബൗട്ട് കോർട്ടുവ. കഴിഞ്ഞ ദിവസം ബെൽജിയൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോർട്ടുവ ഇക്കാര്യം തുറന്നു പറഞ്ഞത്. ബാഴ്സക്ക് കിരീടം നൽകിയാൽ അത് അനീതിയാണെന്നും ബാഴ്സയെക്കാൾ മികച്ച ടീം തങ്ങളാണെന്നും അത് തങ്ങൾക്ക് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസൺ ഉപേക്ഷിക്കരുതെന്നും പൂർത്തിയാക്കണമെന്നും കോർട്ടുവ അഭ്യർത്ഥിച്ചു.
” ഞങ്ങൾ ബാഴ്സക്ക് കേവലം രണ്ട് പോയിന്റുകൾക്ക് മാത്രം പിറകിലാണ്. അത്കൊണ്ട് തന്നെ ലീഗ് ഉപേക്ഷിക്കേണ്ട സാഹചര്യം വന്നാൽ ബാഴ്സയെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുന്നത് തികച്ചും അനീതിയാണ്. ഈ വർഷം അവരെ കീഴടക്കി തങ്ങളാണ് മികച്ചതെന്ന് തെളിയിക്കാൻ റയലിന് കഴിയും. പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കാര്യം എടുത്തുനോക്കുകയാണെങ്കിൽ അവർ ഒരുപാട് പോയിന്റുകൾക്ക് മുന്നിലാണ്. എന്നാൽ ലാലിഗയിൽ സ്ഥിതി അങ്ങനെയല്ല. ഈ സീസൺ ഫിനിഷ് ചെയ്യണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് ” അഭിമുഖത്തിൽ കോർട്ടുവ പറഞ്ഞു.