ബാഴ്സക്കെതിരെ ഒരു സൗഹൃദവുമില്ല : നിലപാട് തുറന്നുപറഞ്ഞ് റയൽ കോച്ച്

ക്ലബ്ബ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും. ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് വലിയ തോതിൽ ആരാധകരെ ആകർഷിക്കാൻ സാധിക്കാറുണ്ട്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഉണ്ടായിരുന്ന സമയത്ത് ആവേശം അതിന്റെ ഏറ്റവും ഉയരത്തിലായിരുന്നു. രണ്ടുപേരും ക്ലബ്ബ് വിട്ടതോടെ എൽ ക്ലാസ്സിക്കോ മത്സരങ്ങളുടെ തിളക്കം ഒന്ന് കുറഞ്ഞിട്ടുണ്ട്.

ഏതായാലും ഈ പ്രീ സീസണിൽ ഒരു എൽ ക്ലാസിക്കോ മത്സരം നടക്കുന്നുണ്ട്. വരുന്ന ജൂലൈ 30-ആം തീയതിയാണ് സൗഹൃദമത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുക. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. സൗഹൃദമാണെങ്കിലും ഈ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അതായത് ബാഴ്സലോണക്കെതിരെ ആണെങ്കിൽ യാതൊരുവിധ സൗഹൃദവുമില്ല എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അവർക്കെതിരെ കളിക്കുന്നതും വിജയിക്കുന്നതും ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്നും ഈ റയൽ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അതായത് വളരെ ഗൗരവത്തോടെ കൂടി തന്നെ ബാഴ്സലോണക്കെതിരെയുള്ള ഈ സൗഹൃദ മത്സരത്തെ റയൽ സമീപിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

അവസാനമായി റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടിയത് കോപ ഡെൽ റേയിലായിരുന്നു.ആ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബാഴ്സയെ തകർക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എന്നാൽ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും അവസാനമായി ഏറ്റുമുട്ടിയ നാലു മത്സരങ്ങളിൽ മൂന്ന് മത്സരത്തിലും എഫ്സി ബാഴ്സലോണയാണ് വിജയിച്ചിട്ടുള്ളത്.പ്രീ സീസൺ ഫ്രണ്ട്ലി ആണെങ്കിലും ഒരു തകർപ്പൻ മത്സരം കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *