ബാഴ്സക്കെതിരെയുള്ള ഗാമ്പർ ട്രോഫിയിൽ നിന്ന് റോമയുടെ പിന്മാറ്റം,പിന്നിൽ കളിച്ചത് PSG?

എല്ലാ പ്രീ സീസണിലും സൗഹൃദ മത്സരം എന്ന രൂപേണ എഫ്സി ബാഴ്സലോണ ജോയൻ ഗാമ്പർ ട്രോഫിയിൽ കളിക്കാറുണ്ട്. ഇത്തവണ ഇറ്റാലിയൻ ക്ലബ്ബായ AS റോമയെയായിരുന്നു ക്ഷണിച്ചിരുന്നത്. അവർ ഈ ക്ഷണം സ്വീകരിച്ചതോടെ ഓഗസ്റ്റ് ആറിന് മത്സരം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം റോമ ഈ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. സൗഹൃദ മത്സരങ്ങളുടെ ഷെഡ്യൂളുകളിൽ മാറ്റം വരുത്തുന്നത് കൊണ്ടാണ് പിന്മാറുന്നത് എന്നാണ് റോമ അറിയിച്ചിരുന്നത്.ഇതിനെതിരെ ബാഴ്സ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. അതായത് നിശ്ചയിച്ച തീയതി തന്നെ മത്സരം നടക്കുമെന്നും റോമക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ബാഴ്സ അറിയിച്ചിരുന്നത്.

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് റോമ ഈ മത്സരത്തിൽ നിന്നും പിന്മാറുന്നതിൽ വലിയ സ്വാധീനം ചെലുത്തിയത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും അവരുടെ പ്രസിഡന്റായ നാസർ അൽ ഖലീഫിയുമാണ്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നാസർ അൽ ഖലീഫിയും റോമയുടെ പ്രസിഡന്റായ ഡേൻ ഫ്രൈഡ്ക്കിനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവർ തമ്മിൽ ഇടക്കിടെ കൂടിക്കാഴ്ച്ചകൾ നടത്താറുണ്ട്.ഈയിടെ നടത്തിയ ഒരു കൂടിക്കാഴ്ച്ചയിൽ നാസർ അൽ ഖലീഫി ബാഴ്സക്കെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴും യൂറോപ്യൻ സൂപ്പർ ലീഗിൽ തുടരുന്ന ബാഴ്സക്കെതിരെ സൗഹൃദ മത്സരം കളിക്കാതിരിക്കുകയാണ് നല്ലത് എന്നാണ് ഖലീഫി റോമയുടെ പ്രസിഡന്റിനോട് പറഞ്ഞിട്ടുള്ളത്. ഇക്കാരണത്താലാണ് റോമ ബാഴ്സക്കെതിരെയുള്ള മത്സരത്തിൽ നിന്നും ഇപ്പോൾ പിന്മാറിയിട്ടുള്ളത്.

ഏതായാലും റോമക്കെതിരെ നടപടി സ്വീകരിക്കാനുള്ള വഴികൾ ബാഴ്സ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ യുവന്റസിനോടായിരുന്നു ജോയൻ ഗാമ്പർ ട്രോഫിയിൽ ബാഴ്സ ഏറ്റുമുട്ടിയിരുന്നത്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യുവന്റസിനെ പരാജയപ്പെടുത്താൻ ബാഴ്സക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *