ബാലൺ ഡി’ഓർ നേടാനുള്ള ക്യാമ്പയിനുകൾ എങ്ങനെ നടത്തണമെന്നുള്ളത് റയലിന് നന്നായി അറിയാം : ഫ്രാൻസ് ഫുട്ബോൾ ഡയറക്ടർ.

സമീപകാലത്തെ ബാലൺ ഡി’ഓർ പുരസ്കാരങ്ങൾ എടുത്തു പരിശോധിച്ചാൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ ആധിപത്യം നമുക്ക് വ്യക്തമായി കാണാൻ സാധിക്കും.റയലിന്റെ സൂപ്പർതാരമായിരുന്ന റൊണാൾഡോ ഒരുപാട് തവണ ഈ പുരസ്കാരം നേടി. അതിന് ശേഷം ലുക്ക മോഡ്രിച്ചും ബാലൺ ഡി’ഓർ കരസ്ഥമാക്കി. ഇപ്പോഴിതാ റയലിന്റെ മറ്റൊരു സൂപ്പർ താരമായ ബെൻസിമയും ബാലൺ ഡി’ഓർ പുരസ്കാരം നേടുന്നതിന്റെ തൊട്ടരികിലാണ്.

ഏതായാലും ഈ പുരസ്കാരം സമ്മാനിക്കുന്ന ഫ്രാൻസ് ഫുട്ബോളിന്റെ ഡയറക്ടറായ പാസ്ക്കൽ ഫെറെ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ബാലൺ ഡി’ഓർ നേടാനുള്ള ക്യാമ്പയിനുകൾ എങ്ങനെ നടത്തണമെന്നുള്ളത് റയലിനും പെരസിനും കൃത്യമായി അറിയാമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരു താരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് വോട്ടുകൾ ചിതറിപ്പോകുന്നത് തടയാൻ റയലിന് സാധിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഫെറെ പറഞ്ഞ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ബാലൺ ഡി’ഓർ ക്യാമ്പയിനുകൾ വളരെ നല്ല രൂപത്തിലാണ് ഫ്ലോറെന്റിനോ പെരസ് നടത്താറുള്ളത്.വളരെ നിശബ്ദമായി,ഡ്രിഫ്റ്റുകൾ ഒന്നും ഇല്ലാതെയാണ് അദ്ദേഹം നടത്തുന്നത്.എല്ലാം അംഗീകരിക്കപ്പെട്ടതാണ്. റയൽ മാഡ്രിഡ് ഒരു യന്ത്രത്തെ പോലെയാണ്. അവർ വളരെയധികം ശക്തരുമാണ്. ഒരു താരത്തെ മാത്രം പിന്തുണക്കുന്നു എന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. വർഷങ്ങളായി അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ഇപ്പോൾ അത് കരിം ബെൻസിമയാണ്. അത് വോട്ടുകൾ ചിതറി പോകുന്നത് തടയാൻ സാധിക്കുന്നു. ” ഇതാണ് ഫ്രാൻസ് ഫുട്ബോൾ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ഈയൊരു പ്രസ്താവനയോടുകൂടി ബെൻസിമക്കാണ് ബാലൺ ഡി’ഓർ എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. വരുന്ന തിങ്കളാഴ്ചയാണ് ബാലൺ ഡി’ഓർ പുരസ്കാരം സമ്മാനിക്കുക. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ബെൻസിമ തന്നെയാണ് പുരസ്കാരം അർഹിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *