ബാലൺ ഡി’ഓർ ഡ്രസിങ് റൂമിൽ വെച്ച് ഞങ്ങളൊന്ന് ഉടക്കി : വെളിപ്പെടുത്തലുമായി ഡാനി ആൽവസ്
ക്ലബ്ബ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളിലൊന്നാണ് റയൽ മാഡ്രിഡും fc ബാഴ്സലോണയും. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പലപ്പോഴും യുദ്ധസമാനമായ അന്തരീക്ഷമാണ് ഉണ്ടാവാറുള്ളത്. പ്രത്യേകിച്ച് ലയണൽ മെസ്സി ബാഴ്സക്കും റൊണാൾഡോ റയലിനും വേണ്ടി കളിക്കുന്ന സമയത്ത് എൽ ക്ലാസ്സിക്കോകൾ പലപ്പോഴും അതിന്റെ അത്യുന്നതിയിലായിരുന്നു.
ഇപ്പോഴിതാ ബാഴ്സയുടെ മുൻ ബ്രസീലിയൻ സൂപ്പർ താരമായിരുന്ന ഡാനി ആൽവസ് ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്തിയിട്ടുണ്ട്. അതായത് ബാഴ്സ-റയൽ റൈവൽറി മൂലം ബാലൺ ഡിയോർ പുരസ്കാരദാന ചടങ്ങിന്റെ ഡ്രസിങ് റൂമിൽ വെച്ച് റൊണാൾഡോയും താനും തമ്മിൽ ഒന്ന് ഉടക്കിയിരുന്നു എന്നാണ് ഡാനി ആൽവസ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 26, 2022
” ബാഴ്സയും റയലും തമ്മിലുള്ള റൈവൽറി അതിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയമായിരുന്നു അത്.ബാലൺ ഡിയോർ പുരസ്കാരദാന ചടങ്ങിന്റെ ഡ്രസ്സിങ് റൂമിൽ വെച്ച് ഞാൻ എല്ലാ താരങ്ങളെയും അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ റൊണാൾഡോ മാത്രം ഇങ്ങോട്ട് ഒന്നും പറഞ്ഞില്ല. അതിനെ തുടർന്ന് ഞങ്ങൾ തമ്മിൽ ഒരു ചെറിയ കലഹമുണ്ടായി.ഈയൊരു വിവാദം ഇതുവരെ പുറത്തേക്ക് വരാത്ത ഒന്നാണ്.റയൽ -ബാഴ്സ റൈവൽറി കാരണമായിരുന്നു റൊണാൾഡോ എന്നെ അഭിവാദ്യം ചെയ്യാതിരുന്നത്. പക്ഷേ തന്റെ കഠിനാധ്വാനം കൊണ്ട് എല്ലാം നേടിയ ഒരു താരത്തെ ഞാനെങ്ങനെയാണ് ബഹുമാനിക്കാതിരിക്കുക ” ഇതാണ് ഡാനി ആൽവസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ കുറച്ചു മാസങ്ങൾ ബാഴ്സക്ക് വേണ്ടി കളിച്ച ആൽവസ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടുകയായിരുന്നു. നിലവിൽ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിന് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്.