ബാലൺ ഡി’ഓർ കുട്ടിക്കാലം മുതലേയുള്ള സ്വപ്നം : ബെൻസിമ

കഴിഞ്ഞ രണ്ട് വർഷമായി പലപ്പോഴും റയലിനെ ഒറ്റക്ക് ചുമലിലേറ്റുന്ന താരമാണ് കരിം ബെൻസിമ.മാത്രമല്ല ഒരിടവേളക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ താരം ഫ്രാൻസിനൊപ്പം നേഷൻസ് ലീഗ് കിരീടം നേടുകയും ചെയ്തിരുന്നു. ഏതായാലും ഇത്തവണത്തെ ബാലൺ ഡി’ഓറിന് വേണ്ടിയുള്ള താരങ്ങളിൽ ബെൻസിമയുടെ പേരുമുണ്ട്. ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ട 30 അംഗ ലിസ്റ്റിൽ ബെൻസിമയും ഇടം നേടിയിരുന്നു. ഏതായാലും ബാലൺ ഡി’ഓർ തന്റെ കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്നമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ബെൻസിമ. കഴിഞ്ഞ ദിവസം ടിവി ഇയോട് സംസാരിക്കുകയായിരുന്നു ബെൻസിമ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബാലൺ ഡി’ഓർ എന്നുള്ളത് എല്ലാ താരങ്ങളും നേടാൻ ആഗ്രഹിക്കുന്ന ഒരു പുരസ്കാരമാണ്.ഞാനെന്റെ കുട്ടിക്കാലത്ത് തന്നെ ബാലൺ ഡി’ഓർ നേടുന്നതിനെ പറ്റി ചിന്തിക്കുമായിരുന്നു. അതെന്റെ കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്നമാണ്. ഏതെങ്കിലും രീതിയിൽ ഞാൻ അതിന്റെ സമീപത്തെ എത്തിയിട്ടുണ്ടെങ്കിൽ, അതെന്റെ സഹതാരങ്ങൾ കാരണമാണ് ” ബെൻസിമ പറഞ്ഞു.

അതേസമയം ഫ്രാൻസിനോടൊപ്പം നേഷൻസ് ലീഗ് കിരീടം നേടാനായതിലും താരം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ” ഈ കിരീടം എന്നെ സംബന്ധിച്ചിടത്തോളം എല്ലാമാണ്.അഞ്ച് വർഷത്തിന് ശേഷം ദേശീയ ടീമിനൊപ്പം നടത്തിയ പ്രകടനത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.അഞ്ച് വർഷം മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.ഇപ്പോൾ ഇനിയും കിരീടങ്ങൾ നേടാൻ വേണ്ടിയാണ് ഞാൻ എന്റെ ശ്രമങ്ങൾ തുടരുക ” ബെൻസിമ പറഞ്ഞു.

നവംബർ 29-നാണ് ബാലൺ ഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. ലയണൽ മെസ്സി, റോബർട്ട്‌ ലെവന്റോസ്ക്കി, ജോർഗീഞ്ഞോ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *