ബാലൺഡി’ഓർ ക്ലോസ്,വിറ്റോർ റോക്കിന്റെ കരാർ വിശദാംശങ്ങൾ ഇങ്ങനെ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ യുവ സൂപ്പർ താരമായ വിറ്റോർ റോക്ക്. കേവലം 18 വയസ്സ് മാത്രം പ്രായമുള്ള താരത്തിന്റെ കാര്യത്തിൽ എഗ്രിമെന്റിൽ എത്താൻ ഇപ്പോൾ എഫ്സി ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പരാനെൻസിൽ നിന്നാണ് റോക്ക് ബാഴ്സയിൽ എത്തുക.ഇനി ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

താരത്തിന്റെ ഡീലിന്റെ വിശദാംശങ്ങൾ ഇപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ആകെ 45 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ബാഴ്സ നൽകുക.അതിൽ 10 മില്യൺ യൂറോ പിന്നീട് ഇൻസ്റ്റാൾമെന്റ് ആയിട്ടായിരിക്കും അടക്കുക. ആറു വർഷത്തേക്കുള്ള ഒരു കോൺട്രാക്ടിലാണ് ഈ ബ്രസീലിയൻ സൂപ്പർതാരം ഒപ്പുവെക്കുക. അതായത് 2029 വരെ ഈ താരം എഫ്സി ബാഴ്സലോണയോടൊപ്പം ഉണ്ടാവും.

ഒരു ബില്യൺ യൂറോയാണ് റോക്കിന്റെ റിലീസ് ക്ലോസ്.അതായത് അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് മറ്റുള്ള ക്ലബ്ബുകൾക്ക് അസാധ്യമാണ്. മാത്രമല്ല ഈ കോൺട്രാക്ടിൽ ഒരു ബാലൺഡി’ഓർ ക്ലോസ് കൂടിയുണ്ട്. അതായത് 2029 വരെയുള്ള കാലയളവിൽ ഈ താരം ബാലൺഡി’ഓർ പുരസ്കാര പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ വരികയാണെങ്കിൽ അദ്ദേഹത്തിന്റെ ക്ലബ്ബായ അത്ലറ്റിക്കോ പരാനൻസിന് ഒരു നിശ്ചിത തുക ലഭിക്കും. അത്തരത്തിലുള്ള ഒരു ക്ലോസ് കൂടി ഈ കോൺട്രാക്ടിന്റെ ഭാഗമാണ്.

ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറാൻ ഈ 18 കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലെ ബ്രസീലിയൻ ലീഗിൽ 13 മത്സരങ്ങൾ കളിച്ച താരം ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.റോബർട്ട് ലെവന്റോസ്ക്കിയുടെ പകരക്കാരനായി കൊണ്ടാണ് റോക്ക് ഇപ്പോൾ ബാഴ്സയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *