ബാലൺഡി’ഓർ അവാർഡ്, തീർത്തും അനാവശ്യമെന്ന് ടോണി ക്രൂസ്!

ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം ആര് നേടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ഉള്ളത്. ഈ മാസത്തിന്റെ അവസാനത്തിലാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അത് പ്രഖ്യാപിക്കുക.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവർക്കിടയിലാണ് പ്രധാനമായും പോരാട്ടം അരങ്ങേറുന്നത്.മെസ്സിക്കാണ് ഇത്തവണ പലരും സാധ്യത കൽപ്പിക്കുന്നത്.

എന്നാൽ റയൽ മാഡ്രിഡിന്റെ സൂപ്പർ താരമായ ടോണി ക്രൂസിന് ബാലൺഡി’ഓറിനോട് വലിയ താല്പര്യമൊന്നുമില്ല.ഒരു ടീം സ്പോട്ടിൽ ഇത്തരത്തിലുള്ള വ്യക്തിഗത അവാർഡുകൾ തീർത്തും അനാവശ്യമാണ് എന്നാണ് ക്രൂസിന്റെ അഭിപ്രായം.തന്റെ സ്വന്തം പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ക്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ അഭിപ്രായത്തിൽ ടീം സ്പോട്ടിൽ വ്യക്തിഗത അവാർഡുകൾ തീർത്തും അനാവശ്യമായ ഒന്നാണ്.ഞാൻ എപ്പോഴും അത് പറയുന്ന കാര്യമാണ്. ഞാൻ അതിൽ തന്നെ ഉറച്ചു നിൽക്കുന്നു. കാരണം ഫുട്ബോളിൽ ഒരൊറ്റ താരവും സ്വന്തമായി കൊണ്ട് ഒന്നും നേടുന്നില്ല. തീർച്ചയായും ബാലൺഡി’ഓർ അമൂല്യമാണ്.പക്ഷേ അത് പ്രധാനപ്പെട്ടതല്ല.അതു രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്.ഞാൻ ഒരിക്കലും അതിന് ഒരു പ്രാധാന്യം നൽകിയിട്ടില്ല.ആരുംതന്നെ ഫുട്ബോളിൽ തനിച്ച് ഒന്നും നേടിയിട്ടില്ല. എല്ലാം ടീമിന്റെ സഹായത്താലാണ് ” ഇതാണ് ക്രൂസ് പറഞ്ഞിട്ടുള്ളത്.

ഫുട്ബോളിലെ നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഒരു താരമാണ് ടോണി ക്രൂസ്. ജർമ്മനിക്കൊപ്പം വേൾഡ് കപ്പ് കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. 5 ചാമ്പ്യൻസ് ലീഗുകളും മൂന്ന് വീതം ലാലിഗ,ബുണ്ടസ്ലിഗ കിരീടങ്ങളും ഈ സൂപ്പർ താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *