ബയേൺ അല്ലെങ്കിൽ ചെൽസി,ഇല്ലെങ്കിൽ നമ്മൾ തമ്മിൽ തെറ്റും,ക്രിസ്റ്റ്യാനോയും മെന്റസും പിരിയാൻ കാരണമെന്ത്?
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയിരുന്നത്. എന്നാൽ റൊണാൾഡോയുടെ ഏജന്റായ ജോർഹെ മെന്റസ് ഈ ഡീലിന്റെ ഭാഗമായിരുന്നില്ല. മാത്രമല്ല റൊണാൾഡോയും മെന്റസും പിരിയുകയും ചെയ്തിരുന്നു. ഇതിന്റെ കാരണം പ്രമുഖ മാധ്യമമായ എൽ മുണ്ടോ വിശദീകരിച്ചിട്ടുണ്ട്.
റൊണാൾഡോ റയൽ മാഡ്രിഡ് വിടുന്ന സമയത്താണ് മെന്റസും താരവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിക്കുന്നത്. അതുവരെ മെന്റസ് ക്രിസ്റ്റ്യാനോക്ക് ഒരു ഗോഡ് ഫാദറിനെ പോലെയായിരുന്നു. റയൽ മാഡ്രിഡ് വിടരുത് എന്നുള്ള കാര്യം മെന്റസ് താരത്തെ അറിയിച്ചിരുന്നുവെങ്കിലും റൊണാൾഡോ അത് പരിഗണിച്ചിരുന്നില്ല.
മാത്രമല്ല യുവന്റസ് വിട്ടിരുന്ന സമയത്തും പ്രശ്നങ്ങൾ ഉണ്ടായി.മെന്റസിന്റെ അറിവില്ലാതെയാണ് റൊണാൾഡോ യുവന്റസ് വിടാൻ തീരുമാനിച്ചത്. കരാർ ബാക്കി ഉണ്ടായിട്ടും റൊണാൾഡോ ക്ലബ്ബ് വിടാൻ തീരുമാനിച്ചതിൽ ദേഷ്യം പിടിച്ച യുവന്റസ് അധികൃതർ മെന്റസിനെ ഫോണിൽ വിളിച്ചപ്പോഴാണ് ഈ കാര്യം അദ്ദേഹം അറിയുന്നത്. പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനുള്ള നീക്കങ്ങൾക്ക് മെന്റസ് മുൻകൈ എടുത്തു.എന്നാൽ അത് സാധ്യമായില്ല. പക്ഷേ മെന്റസിന്റെ അറിവില്ലാതെ റൊണാൾഡോ അലക്സ് ഫെർഗൂസനെ വിളിക്കുകയും യുണൈറ്റഡിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.
🚨 Cristiano Ronaldo told Jorge Mendes when he was looking for a new club: "Either you get me Chelsea or Bayern, or we break up!"
— CaughtOffside (@caughtoffside) January 24, 2023
(El Mundo) pic.twitter.com/W5klVB4O3J
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് റൊണാൾഡോ വാശിപിടിച്ചു.ഒന്നുകിൽ ചെൽസി, അല്ലെങ്കിൽ ബയേൺ,ഈ രണ്ട് ക്ലബ്ബുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തനിക്ക് പോകാൻ സാധിച്ചില്ലെങ്കിൽ നമ്മൾ തമ്മിൽ തെറ്റും എന്നുള്ള രൂപത്തിലാണ് ക്രിസ്റ്റ്യാനോ മെന്റസിനോട് സംസാരിച്ചത്.ചെൽസിക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം അദ്ദേഹം പ്രീ സീസൺ നഷ്ടപ്പെടുത്തിയപ്പോൾ ചെൽസി തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു.
മാത്രമല്ല പിയേഴ്സ് മോർഗ്ഗന് റൊണാൾഡോ നൽകിയ അഭിമുഖവും മെന്റസിന്റെ അനുമതി ഇല്ലാതെയായിരുന്നു. ഇതോടുകൂടി മെന്റസും റൊണാൾഡോയും തമ്മിലുള്ള ബന്ധം അവസാനിച്ചു. നിലവിൽ റികാർഡോ റെഗുഫാണ് റൊണാൾഡോയുടെ കാര്യങ്ങളൊക്കെ നോക്കുന്നത്.