ബയേണിനെ പിന്തള്ളികൊണ്ട് കുബോയെ വിയ്യാറയൽ സ്വന്തമാക്കി !

കുറച്ചു കാലം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ കുബോയെ വിയ്യാറയൽ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. പ്രമുഖസ്പാനിഷ് മാധ്യമമായ മാർക്കയടക്കമുള്ളവരാണ് കുബോയുടെ കാര്യത്തിൽ റയൽ മാഡ്രിഡും വിയ്യാറയലും തമ്മിൽ കരാറിലെത്തിയതായി റിപ്പോർട്ട്‌ ചെയ്തത്. ബയേൺ മ്യൂണിക്ക് അടക്കമുള്ള പ്രമുഖക്ലബുകളെ പിന്തള്ളി കൊണ്ടാണ് കുബോയെ വിയ്യാറയൽ സ്വന്തമാക്കിയത്. ഒരു വർഷത്തെ ലോണിൽ ആണ് താരത്തെ ക്ലബ്‌ തട്ടകത്തിൽ എത്തിച്ചത്. പത്തിൽ കൂടുതൽ ക്ലബുകൾ ആയിരുന്നു താരത്തിന് വേണ്ടി പരോക്ഷമായി രംഗത്തുണ്ടായിരുന്നത്. ഇതിൽ ഗ്രനാഡയും വിയ്യാറയലുമായിരുന്നു താരത്തിന്റെയും റയലിന്റെയും മുൻഗണന നേടിയ ക്ലബുകൾ.

യൂറോപ്പ ലീഗ് യോഗ്യത നേടിയതിനാലായിരുന്നു ഇവരെ റയൽ പരിഗണിച്ചിരുന്നത്. ഇതിൽ തന്നെ വിയ്യാറയൽ പരിശീലകൻ ഉനൈ എംറി താരത്തിന് കൂടുതൽ മത്സരങ്ങളിൽ സ്ഥാനം ഓഫർ ചെയ്യുകയായിരുന്നു. തുടർന്ന് കുബോയുടെ സമ്മതപ്രകാരം റയൽ ഡീൽ ഉറപ്പിക്കുകയായിരുന്നു. താരത്തിന് കൂടുതൽ അവസരം ലഭിക്കുക എന്ന ഒരൊറ്റ കാര്യം മാത്രമാണ് റയൽ പരിഗണനയിൽ പെടുത്തിയത്. രണ്ട് മില്യൺ യുറോയാണ് താരത്തെ ക്ലബിൽ എത്തിക്കാൻ വേണ്ടി വിയ്യാറയലിന് ചിലവ് വന്നത്. അതേസമയം ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. എന്നാൽ സ്പെയിനിന് പുറത്തേക്ക് താരത്തെ അയക്കാൻ താല്പര്യമില്ലാത്തതിനാൽ റയൽ ബയേണിനെ തഴയുകയായിരുന്നു. ഡീലിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഓപ്ഷൻ വിയ്യാറയലിനില്ല. അതിനാൽ അടുത്ത വർഷം താരം റയലിൽ തന്നെ തിരിച്ചെത്തുമെന്ന കാര്യത്തിൽ സംശയമില്ല.ഈ സീസണിൽ റയൽ മയ്യോർക്കക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *