ഫെർണാണ്ടോ ടോറസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ചെത്തി!
അത്ലറ്റിക്കോ മാഡ്രിഡിന്റെ മുൻ സൂപ്പർ താരം ഫെർണാണ്ടോ ടോറസ് ക്ലബ്ബിലേക്ക് തിരിച്ചെത്തി. പക്ഷേ താരമായി കൊണ്ടല്ല, മറിച്ച് പരിശീലകന്റെ വേഷത്തിലാണ് ടോറസ് അത്ലറ്റിക്കോയിൽ തിരിച്ചെത്തിയത്. അത്ലറ്റിക്കോയുടെ യൂത്ത് ടീമായ ജുവൈനൽ എ യുടെ മുഖ്യപരിശീലകനായാണ് ടോറസ് ചുമതലയേറ്റിരിക്കുന്നത്. ഇക്കാര്യം ക്ലബ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.മുമ്പ് അസിസ്റ്റന്റ് പരിശീലകനായി ടോറസ് സേവനമനുഷ്ടിച്ചിരുന്നു. പിന്നീട് വ്യക്തപരമായ കാരണങ്ങളാൽ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഈ സീസണിൽ തിരിച്ചെത്താൻ ടോറസ് താല്പര്യം കാണിക്കുകയായിരുന്നു.
Fernando Torres appointed youth team coach at Atlético Madrid.https://t.co/6c5m8sbN2n
— AS English (@English_AS) July 25, 2021
അടുത്ത മാസം മുതലാണ് ടോറസ് ജുവൈനൽ എ യെ പരിശീലിപ്പിച്ചു തുടങ്ങുക. ഇതിനുള്ള യുവേഫയുടെ ക്വാളിഫിക്കേഷൻ താരത്തിന് ലഭിച്ചിട്ടുമുണ്ട്. അത്ലറ്റിക്കോയുടെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു ഫെർണാണ്ടോ ടോറസ്.2001 മുതൽ 2007 വരെ അത്ലറ്റിക്കോക്ക് വേണ്ടി കളിച്ച താരം 82 ലാലിഗ ഗോളുകൾ നേടിയിരുന്നു. അതിന് ശേഷം താരം ലിവർപൂൾ, ചെൽസി, മിലാൻ എന്നിവർക്ക് വേണ്ടി കളിച്ചിരുന്നു.പിന്നീട് അത്ലറ്റിക്കോയിൽ തന്നെ തിരിച്ചെത്തിയ താരം ഡിയഗോ സിമയോണിക്ക് കീഴിൽ കളിച്ചിരുന്നു.27 ലീഗ് ഗോളുകളും താരം നേടിയിട്ടുണ്ട്.ഒടുവിൽ 2019-ൽ ജപ്പാൻ ക്ലബായ സാഗൻ ടോസുവിൽ വെച്ചാണ് ടോറസ് കളി അവസാനിപ്പിച്ചത്. ഏതായാലും ടോറസിന്റെ തിരിച്ചു വരവ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.