ഫെലിക്സും കാൻസെലോയും ബാഴ്സ വിടുകയാണോ? തീരുമാനം തുറന്നു പറഞ്ഞ് ഏജന്റ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിൽ ആയിരുന്നു സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ രണ്ട് പോർച്ചുഗീസ് സൂപ്പർ താരങ്ങളെ സ്വന്തമാക്കിയത്. മുന്നേറ്റ നിരയിലേക്ക് ജോവോ ഫെലിക്സിനെയും പ്രതിരോധനിരയിലേക്ക് ജോവാ കാൻസെലോയേയുമാണ് ബാഴ്സ സ്വന്തമാക്കിയത്.രണ്ടുപേരും ലോൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്ലബ്ബിൽ തുടരുന്നത്.അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് ഫെലിക്സ് വന്നതെങ്കിൽ കാൻസെലോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് വന്നിട്ടുള്ളത്.
ഈ സീസൺ അവസാനിക്കുന്നതോടുകൂടി അവരുടെ ലോൺ കാലാവധി അവസാനിക്കും.ഈ താരങ്ങളെ നിലനിർത്താൻ തന്നെയാണ് ബാഴ്സക്ക് ആഗ്രഹം. പക്ഷേ ഒരുപാട് സങ്കീർണ്ണതകൾ അവരുടെ മുന്നിൽ തടസ്സമായി കൊണ്ട് നിലകൊള്ളുന്നുണ്ട്. ഈ രണ്ടു താരങ്ങളുടെയും ഭാവിയെക്കുറിച്ച് ഏജന്റായ ജോർഹെ മെന്റസ് സുപ്രധാന വിവരം നൽകിയിട്ടുണ്ട്.രണ്ടുപേരും സ്ഥിരമായി ബാഴ്സലോണയിൽ തന്നെ തുടരും എന്നാണ് ഏജന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കാൻസെലോയേയും ഫെലിക്സിനെയും വരുന്ന സമ്മറിൽ സ്ഥിരമായി സൈൻ ചെയ്യാനാണ് ബാഴ്സലോണയുടെ തീരുമാനം. അതാണ് അവരുടെ പ്ലാൻ. ഈ സീസണിന് ശേഷം രണ്ടുപേരെയും നിലനിർത്താൻ ബാഴ്സലോണ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട് ” ഇതാണ് ഇരുവരുടെയും ഏജന്റ് പറഞ്ഞിട്ടുള്ളത്.
❗Jorge Mendes (Cancelo and Félix agent): "Barcelona want to sign João Félix and João Cancelo permanently." pic.twitter.com/Vosq2jNR1g
— Barça Universal (@BarcaUniversal) January 23, 2024
എന്നാൽ ഇരുവരെയും സ്വന്തമാക്കുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം 80 മില്യൺ യൂറോ ആണ് ഫെലിക്സിന് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡ് ആവശ്യപ്പെടുന്നത്.കാൻസെലോയുടെ കാര്യത്തിലും വലിയ ഒരു തുക ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകേണ്ടിവരും. ഇപ്പോഴും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും പൂർണ്ണമായും കരകയറാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ താരങ്ങളെ നിലനിർത്തണമെങ്കിൽ ബാഴ്സ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും.