ഫെലിക്സിന്റെ ബാഴ്സ സ്വപ്നത്തിന് അത്ലറ്റിക്കോയുടെ പച്ചക്കൊടി,ആവശ്യപ്പെടുന്നത് വൻ തുക.

അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സ് കഴിഞ്ഞദിവസം ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തിയിരുന്നു.അതായത് എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്നതിന് താൻ ഇഷ്ടപ്പെടുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ബാഴ്സക്ക് വേണ്ടി കളിക്കുന്നത് തന്റെ ഒരു സ്വപ്നമാണെന്നും ഫെലിക്സ് കൂട്ടിച്ചേർത്തിരുന്നു.അത്ലറ്റിക്കോയുടെ താരമായിരിക്കെ അദ്ദേഹം നടത്തിയ ഈ പ്രസ്താവന ക്ലബ്ബ് അധികൃതരെ ദേഷ്യം പിടിപ്പിച്ചിരുന്നു.

ഏതായാലും ഒഴിവാക്കാൻ തന്നെയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ തീരുമാനം. എഫ്സി ബാഴ്സലോണക്ക് ഈ താരത്തെ കൈമാറാൻ അത്ലറ്റിക്കോ തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തെ ബാഴ്സക്ക് നൽകുക. സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനും എഫ്സി ബാഴ്സലോണക്ക് ലഭ്യമായിരിക്കും.പക്ഷേ ഒരു വർഷത്തെ ലോൺ കാലാവധിക്ക് മാത്രമായി വലിയ ഒരു തുകയാണ് അത്ലറ്റിക്കോ ആവശ്യപ്പെടുന്നത്.

25 മില്യൺ യൂറോയാണ് ലോൺ തുകയായി കൊണ്ട് അത്ലറ്റിക്കോ എഫ്സി ബാഴ്സലോണയോട് ആവശ്യപ്പെടുക. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല താരത്തെ സ്ഥിരമായി നിലനിർത്തണമെങ്കിൽ വേറെയും വലിയ ഒരു തുക ബാഴ്സ നൽകേണ്ടി വരും. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബാഴ്സ നിലവിൽ ഇത്തരത്തിലുള്ള ഒരു ട്രാൻസ്ഫറിന് തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിൽ തന്നെയാണ് ഇപ്പോൾ ഫെലിക്സ് ഉള്ളത്.കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം ചെൽയിലേക്കു ലോൺ അടിസ്ഥാനത്തിൽ എത്തുകയും 20 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടുകയും ചെയ്തിരുന്നു. എന്നാൽ അവർ താരത്തെ നിലനിർത്തിയില്ല.ഡിയഗോ സിമയോണിയുമായുള്ള ബന്ധം തകർന്നതിനാൽ ഫെലിക്സ് അത്ലറ്റിക്കോയിൽ തുടരാൻ ഉദ്ദേശിക്കുന്നില്ല. ക്ലബ്ബിനുവേണ്ടി ആകെ 131 മത്സരങ്ങൾ കളിച്ച ഈ സ്ട്രൈക്കർ 34 ഗോളുകൾ ആണ് നേടിയിട്ടുള്ളത്. ബാഴ്സ അദ്ദേഹത്തെ സ്വന്തമാക്കിയില്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് താരം ചേക്കേറിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *