ഫിർമിന്റെ കാര്യത്തിൽ കുറ്റബോധം തോന്നുന്നു:തുറന്ന് പറഞ്ഞ് ഫ്ലിക്ക്!
സമീപകാലത്ത് ബാഴ്സലോണക്ക് വേണ്ടിയും സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവ സൂപ്പർതാരമാണ് ഫിർമിൻ ലോപസ്.യൂറോ കപ്പിലും ഒളിമ്പിക്സിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഒളിമ്പിക്സിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് ഫിർമിനയായിരുന്നു. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ നടന്ന ഇന്റർനാഷണൽ ബ്രേക്കിനിടെ ലോപസിന് പരിക്കേൽക്കുകയായിരുന്നു.
അതിൽ നിന്നും മുക്തനായ താരം കഴിഞ്ഞദിവസം ട്രെയിനിങ് നടത്തിയിരുന്നു. പക്ഷേ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റു.ഇനി ഒക്ടോബർ മാസം വരെ അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.താരത്തെ ഇങ്ങനെ ഒരുപാട് മത്സരങ്ങൾ കളിക്കാൻ അനുവദിച്ചതിൽ തനിക്ക് കുറ്റബോധം തോന്നുന്നു എന്നുള്ള കാര്യം ബാഴ്സയുടെ പരിശീലകനായ ഫ്ലിക്ക് തുറന്ന് പറഞ്ഞിട്ടുണ്ട്.ഇന്നലത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഫിർമിന്റെ കാര്യത്തിൽ എനിക്ക് ശരിക്കും സഹതാപവും കുറ്റബോധവും ഉണ്ട്. രണ്ട് ടൂർണമെന്റുകളിലാണ് അവൻ പങ്കെടുത്തത്.സ്പെയിനിന്റെ അണ്ടർ 21 ടീമിന്റെ പരിശീലകനുമായി സംസാരിക്കാൻ ഞാൻ മടിച്ചു. ഒളിമ്പിക്സിലേക്ക് പറഞ്ഞയക്കാതെ അദ്ദേഹത്തെ ഇവിടെ തന്നെ നിലനിർത്താൻ ഞാൻ ശ്രമിക്കണമായിരുന്നു. അത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഞാൻ ഈ രാജ്യത്ത് പുതുതായി വന്ന പരിശീലകൻ ആണല്ലോ. അതൊരു ന്യായീകരണമല്ല എന്നുള്ളത് എനിക്കറിയാം. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് വലിയ കുറ്റബോധമുണ്ട് “ഇതാണ് ബാഴ്സലോണ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ഒളിമ്പിക്സിന് താരത്തെ പറഞ്ഞയക്കാതെ വേണ്ടത്ര വിശ്രമങ്ങൾ അദ്ദേഹത്തിന് നൽകണമായിരുന്നു എന്നാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്. അതിന് വേണ്ടി താൻ ശ്രമിക്കാത്തതിലാണ് ഫ്ലിക്ക് കുറ്റബോധം പ്രകടിപ്പിച്ചിട്ടുള്ളത്.ഏതായാലും ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണയും മൊണാക്കോയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.