ഫാറ്റിയെ വിൽക്കാനുള്ളതല്ല, കരിയർ മുഴുവനും ബാഴ്സയോടൊപ്പം വേണമെന്നാണ് ആഗ്രഹമെന്ന് പ്രസിഡന്റ്‌ !

എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർ താരം അൻസു ഫാറ്റിയെ ബാഴ്സ ഒരിക്കലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു. കഴിഞ്ഞ ദിവസം സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഫാറ്റിയെ കുറിച്ച് ബാഴ്സയുടെ നിലപാടുകൾ വ്യക്തമാക്കിയത്. താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ഉണ്ടെന്നും ബാഴ്സ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് എന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ താരത്തെ കുറിച്ച് പുറത്ത് വന്ന വാർത്തകൾ. അത് ശരി വെക്കും വിധമായിരുന്നു ബർതോമുവിന്റെ പ്രസ്താവനകൾ. ഔദ്യോഗികമായി ഏത് ക്ലബും താരത്തിന് വേണ്ടി സമീപിച്ചിട്ടില്ലെങ്കിലും ഒട്ടേറെ ക്ലബുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ കരിയർ മുഴുവനും ബാഴ്സയിൽ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ വളർച്ചക്ക് സഹായകമാവാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 32 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ ബാഴ്സക്ക് വേണ്ടി നേടിയ താരമാണ് പതിനേഴുകാരൻ ഫാറ്റി.

” അദ്ദേഹത്തിന് വേണ്ടി ഔദ്യോഗിക രൂപത്തിൽ ഉള്ള ഒരു ഓഫറുകളും ബാഴ്സക്ക് ലഭിച്ചിട്ടില്ല. എന്നാൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് ചില ക്ലബുകൾ ബാഴ്‌സയെ സമീപിച്ചിട്ടുണ്ട്. പക്ഷെ ബാഴ്സയുടെ ഉത്തരം എന്നുള്ളത് നോ എന്നാണ്. ക്ലബിന്റെ ഭാവിക്ക് വളരെ നിർണായകമായ ഒരു താരമാണ് ഫാറ്റി. ഫസ്റ്റ് ടീമിനൊപ്പം ഒരുപാട് കാര്യങ്ങൾ അദ്ദേഹം പഠിച്ചിട്ടുണ്ട്. ഫാറ്റിയെ പോലെയുള്ള താരങ്ങളെ ബാഴ്സ ഒരിക്കലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ല. എന്തൊക്കെ സാമ്പത്തികപ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും അദ്ദേഹം വില്പനക്ക് ഉള്ളതല്ല. അദ്ദേഹത്തിന്റെ വളർച്ചക്ക് സഹായകരമാവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കരിയർ മുഴുവനും അദ്ദേഹം ബാഴ്സക്ക് വേണ്ടി കളിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അദ്ദേഹം ബാഴ്സ ബിക്ക് വേണ്ടിയാണ് സൈൻ ചെയ്തെതെങ്കിലും അദ്ദേഹം അർഹിക്കുന്നത് ഫസ്റ്റ് ടീമാണ് ” ബർതോമ്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *