ഫാറ്റിക്ക് വീണ്ടും പരിക്ക്, ബാഴ്‌സക്ക്‌ തിരിച്ചടി!

എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർ താരം അൻസു ഫാറ്റിക്ക് വീണ്ടും പരിക്കേറ്റതായി റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമങ്ങളായ മാർക്ക, എഎസ് എന്നിവരാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിരിക്കുകയാണ് ഫാറ്റി. അതിൽ നിന്നും മുക്തനായി തിരിച്ചു വരാനിരിക്കെയാണ് താരത്തിന് വീണ്ടും പരിക്ക് വില്ലനായിരിക്കുന്നത്. ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്. മുമ്പ് ഒരു മേജർ ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം വീണ്ടും ചെറിയൊരു ഓപ്പറേഷന് ഫാറ്റി വിധേയനായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഓപ്പറേഷന് കൂടി താരം വിധേയനാവേണ്ടി വന്നേക്കുമെന്ന് വാർത്തകൾ പുറത്ത് വരുന്നത്.

നവംബർ ഒമ്പതിന് റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിനിടെയാണ് അൻസു ഫാറ്റിക്ക്‌ പരിക്കേറ്റത്. അതിന് ശേഷം ഇതുവരെ താരം കളിച്ചിട്ടില്ല. പതിനെട്ടുകാരനായ താരം ഈ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇക്കാര്യം കൂമാൻ തുറന്നു പറയുകയും ചെയ്തിരുന്നു. ” പിഎസ്ജിക്കെതിരെയുള്ള മത്സരത്തിന്റെ ഭാഗമാവാൻ അദ്ദേഹത്തിന് കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ എനിക്കുറപ്പില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം പരിക്കിൽ നിന്നും മുക്തി നേടുക എന്നുള്ളതാണ്. അദ്ദേഹം എന്ന് തിരിച്ചെത്തുമെന്ന വ്യക്തമായ തിയ്യതി എനിക്ക് പറയാൻ കഴിയില്ല. കാരണം അത് നല്ലതല്ല ” ഇതായിരുന്നു കൂമാൻ പറഞ്ഞിരുന്നത്. എന്നാൽ പിഎസ്ജിക്കെതിരെ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്കും കളങ്കമേറ്റിരിക്കുകയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *