ഫാറ്റിക്കെതിരെ വംശീയാധിക്ഷേപം, താരത്തിന് പിന്തുണയുമായി അന്റോയിൻ ഗ്രീസ്‌മാൻ !

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഉജ്ജ്വലവിജയം നേടിയിരുന്നു. ഫെറെൻക്വെറോസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു മത്സരത്തിൽ ഫാറ്റി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരശേഷം ഈ യുവതാരത്തിനെതിരെ വംശീയാധിക്ഷേപം നടത്തിയിരിക്കുകയാണ് ഒരു സ്പാനിഷ് മാധ്യമം. എബിസി എന്ന സ്പാനിഷ് പാത്രമാണ് ഫാറ്റിയെ വംശീയമായി അധിക്ഷേപിച്ചിരിക്കുന്നത്. കറുത്തവർഗക്കാരനായ തെരുവ് വിൽപ്പനക്കാരെ പോലെയാണ് ഫാറ്റി എന്നാണ് ഈ മാധ്യമം ഫാറ്റിയെ കുറിച്ച് എഴുതിയിരിക്കുന്നത്. തുടർന്ന് ഇത് വലിയ വിവാദമാവുകയും ചെയ്തു. ഈ മാധ്യമത്തിനെതിരെ നിയമപരമായ നീക്കങ്ങൾ നടത്തുമെന്ന് എഫ്സി ബാഴ്സലോണ അധികൃതർ അറിയിച്ചിരുന്നു.

തുടർന്ന് താരത്തിന് പിന്തുണയുമായി സഹതാരം അന്റോയിൻ ഗ്രീസ്‌മാൻ രംഗത്ത് വന്നു. തന്റെ സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയാണ് ഗ്രീസ്‌മാൻ ഫാറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പതിനേഴുകാരനായ താരം ബഹുമാനമർഹിക്കുന്നുണ്ട് എന്നാണ് ഗ്രീസ്‌മാൻ തന്റെ ട്വിറ്ററിൽ കുറിച്ചത്. ” അൻസു അസാധാരണമായ ഒരു താരമാണ്. മറ്റെല്ലാ ആളുകളെ പോലെയുമുള്ള ബഹുമാനം അൻസു ഫാറ്റി അർഹിക്കുന്നുണ്ട്. റേസിസത്തിനോ മോശമായ പെരുമാറ്റങ്ങൾക്കോ ഇവിടെ ഒരു ഇടവുമില്ല ” എന്നാണ് ഗ്രീസ്‌മാൻ കുറിച്ചത്. ഫുട്ബോൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും ഫാറ്റിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. സ്പാനിഷ് മാധ്യമത്തിനെതിരെ നടപടിയെടുക്കണമെന്ന ആവിശ്യവും ശക്തമാണ്. നിലവിൽ ബാഴ്സക്ക് വേണ്ടി ഉജ്ജ്വലഫോമിലാണ് ഫാറ്റി കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *