ഫാറ്റിക്കും പെഡ്രിക്കും മഹത്തായ ഭാവിയുണ്ട്, പ്രതീക്ഷകളോടെ റൊണാൾഡ് കൂമാൻ പറയുന്നു !

ഇന്നലത്തെ എഫ്സി ബാഴ്സലോണയുടെ മത്സരത്തിലെ ഹീറോ ആരെന്ന് ചോദിച്ചാൽ ഫാറ്റി എന്നല്ലാതെ മറുത്തൊരു ഉത്തരം ആർക്കുമുണ്ടാവില്ല. അത്രെയേറെ മികച്ചതായിരുന്നു ഈ യുവപ്രതിഭയുടെ പ്രകടനം. ആദ്യത്തെ രണ്ട് ഗോളുകളും നേടിയ താരം മൂന്നാമത്തെ ഗോൾ വന്ന പെനാൽറ്റിക്ക് കാരണക്കാരനാവുകയും ചെയ്തു. ജോർദി ആൽബയുടെ പാസിൽ നിന്നായിരുന്നു ഫാറ്റി ആദ്യ ഗോൾ കണ്ടെത്തിയത്. കൂട്ടീഞ്ഞോയുടെ പാസിൽ നിന്ന് രണ്ടാം ഗോളും വന്നു. രണ്ടു ഗോളുകളും താരത്തിന്റെ ഫിനിഷിങ് പാടവം വിളിച്ചോതുന്നതായിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. കേവലം പതിനേഴുകാരനായ താരം അമ്പരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ കൂമാൻ. താരത്തിനും പെഡ്രിക്കും മഹത്തായ ഭാവിയുണ്ട് എന്നാണ് കൂമാന്റെ അഭിപ്രായം. ഫാറ്റിയുടെ പ്രകടനമാണ് മത്സരത്തിൽ തിളങ്ങി നിന്നതെന്നും കൂമാൻ അറിയിച്ചു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ.

” മത്സരത്തിൽ ഫാറ്റിയുടെ പ്രകടനമാണ് ഏറെ തിളങ്ങി നിന്നത്. ഫാറ്റിയുടെ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. നമുക്കറിയാം അദ്ദേഹത്തിന് കേവലം പതിനേഴു വയസ്സായിട്ടൊള്ളൂ എന്ന്. തീർച്ചയായും അദ്ദേഹം ചില കാര്യങ്ങളിൽ ഇനിയും പുരോഗതി പ്രാപിക്കാനുണ്ട്. അദ്ദേഹം സ്ഥിരത കണ്ടെത്തേണ്ടതുണ്ട്. ചില സമയങ്ങളിൽ ഫാറ്റിയിൽ ശ്രദ്ധയുടെ അഭാവം ഞാൻ കാണുന്നുമുണ്ട്. എൽചെക്കെതിരെയുള്ള മത്സരത്തിൽ ഫാറ്റി അത്ര മികച്ചതൊന്നുമല്ലായിരുന്നു. പക്ഷെ ഇന്ന് അദ്ദേഹം മികച്ചു നിന്നു. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഒരു ഗംഭീരമത്സരം തന്നെയാണ് ഇത്. എനിക്ക് പെഡ്രിയുടെ കാര്യത്തിലും ഒരുപാട് സന്തോഷമുണ്ട്. അവർ രണ്ട് പേർക്കും മഹത്തായ ഒരു ഭാവി തന്നെയുണ്ട് ” കൂമാൻ പറഞ്ഞു. ഗ്രീസ്മാന്റെ പൊസിഷനിൽ വന്ന മാറ്റത്തെ കുറിച്ചും കൂമാൻ സംസാരിച്ചു. “അദ്ദേഹം ചില സമയങ്ങളിൽ മെസ്സിയുമായി പൊസിഷൻ മാറേണ്ടി വരും. ചില അത്‌ എതിരാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഗ്രീസ്‌മാന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ് ” കൂമാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *