പ്രസ്താവനയിറങ്ങി, ലാലിഗ തിരിച്ചെത്തുന്നു

ലാലിഗ ക്ലബുകൾക്ക് പരിശീലനം നടത്താനുള്ള അനുമതി നൽകികൊണ്ട് ഔദ്യോഗികപ്രസ്താവന ഇറങ്ങിയതോടെ സ്പെയിനിലെ കളിക്കളങ്ങൾ ഉടൻ സജീവമാവുമെന്നുറപ്പായി. കഴിഞ്ഞ ദിവസം ലാലിഗ തന്നെ ഔദ്യോഗികമായി പ്രസ്താവന ഇറക്കുകയായിരുന്നു. ക്ലബുകൾക്ക് പരിശീലനം നടത്താനുള്ള അനുമതി നൽകുകയും അതോടൊപ്പം തന്നെ ഈ സമ്മറിൽ ഈ സീസൺ പൂർത്തിയാക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകി. ഗവണ്മെന്റിന്റെ അനുമതി ലഭിച്ചതോടെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായത്. 27 മത്സരങ്ങളാണ് ഇനി ലീഗിൽ നടക്കാൻ ബാക്കിയുള്ളത്. കഴിഞ്ഞ മാർച്ചിലായിരുന്നു കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലീഗ് പാതിവഴിയിൽ നിർത്തിവെച്ചത്. അടുത്ത ആഴ്‌ച്ച മുതൽ എല്ലാവിധ പ്രോട്ടോകോളും അനുസരിച്ച് ക്ലബുകൾ പരിശീലനം നടത്തിയേക്കും.

” നമ്മളെ എല്ലാവരെയും ഈ പ്രതിസന്ധി ഒരുപോലെ ബാധിച്ചിട്ടുണ്ട്. ഫുട്ബോൾ തിരിച്ചു വരുന്നു എന്നുള്ളത് സമൂഹം സാധാരണ നിലയിലേക്ക് എത്തിച്ചേരുന്നു എന്നുള്ളതിനുള്ള ഒരു സൂചനയാണ്. ഈ തിരിച്ചുവരവ് സ്പെയിനിലെ ജനതക്കും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കും അവരുടെ ജീവിതത്തിന് ആവിശ്യമായ ഒന്നാണ്. ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. അത്കൊണ്ട് തന്നെ ആരോഗ്യസുരക്ഷ വേണ്ട എല്ലാ മുൻകരുതലുകളും കൈകൊണ്ടതിന് ശേഷം മാത്രമേ എല്ലാം ആരംഭിക്കുകയൊള്ളു. ജൂണിൽ മത്സരങ്ങൾ ആരംഭിച്ച് ഈ സമ്മറോടെ തന്നെ സീസൺ അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ” ലാലിഗ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *