പ്രധാനപ്പെട്ട രണ്ട് പ്രതിരോധനിര താരങ്ങൾ ഇല്ല, സെവിയ്യയെ നേരിടാനുള്ള റയൽ മാഡ്രിഡ്‌ പ്രതിസന്ധിയിൽ !

ലാലിഗയിൽ നാളെ സെവിയ്യയെ നേരിടാനുള്ള റയൽ മാഡ്രിഡിലെ പ്രതിസന്ധികൾക്ക് വിരാമമാവുന്നില്ല. പ്രധാനപ്പെട്ട രണ്ട് പ്രതിരോധനിര താരങ്ങൾ ഇല്ലാതെയാണ് റയൽ മാഡ്രിഡ്‌ സെവിയ്യയെ നേരിടാൻ ഒരുങ്ങുന്നത്. സ്പാനിഷ് താരങ്ങളായ ഡാനി കാർവഹൽ, സെർജിയോ റാമോസ് എന്നീ താരങ്ങളുടെ സേവനം റയൽ മാഡ്രിഡിന് സെവിയ്യക്കെതിരെ ലഭിച്ചേക്കില്ല. നാളെ രാത്രി 8:45-ന് സെവിയ്യയുടെ മൈതാനത്ത് വെച്ചാണ് മത്സരം. ലാലിഗയിൽ പതിനൊന്നാം മത്സരത്തിനാണ് റയൽ മാഡ്രിഡ്‌ ബൂട്ടണിയുന്നത്. റയലിനെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമായ മത്സരമാണിത്. അവസാനമായി റയൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് റയൽ വിജയിച്ചിട്ടുള്ളത്. ലീഗിൽ കളിച്ച അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിട്ടില്ല.

ഇരുവരും കളിച്ചേക്കില്ല എന്ന കാര്യം മാർക്കയാണ് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെതിരെ നടക്കുന്ന നിർണായകമായ മത്സരത്തിൽ ഇരുവരും തിരിച്ചെത്തിയേക്കുമെന്നും മാർക്ക അവകാശപ്പെടുന്നുണ്ട്. രണ്ടു പേരും പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തനിച്ചാണ് പരിശീലനം നടത്തുന്നത്. സെർജിയോ റാമോസിന്റെ അഭാവമാണ് റയൽ മാഡ്രിഡിനെ ഏറെ അലട്ടുന്ന കാര്യം. ചാമ്പ്യൻസ് ലീഗിൽ റാമോസ് ഇല്ലാതെ അവസാനമായി കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും റയൽ മാഡ്രിഡ്‌ തോറ്റിരുന്നു. അതിനാൽ തന്നെ റാമോസ് എത്രയും പെട്ടന്ന് മടങ്ങി വരേണ്ടത് റയലിനെയും സിദാനെയും സംബന്ധിച്ച് നിർണായകമായ കാര്യമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷാക്തർ ഡോണസ്ക്കിനോട് റയൽ പരാജയമറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ ഗുരുതരമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *