പ്രതിരോധനിരയിൽ ആളില്ല, പരിഹാരത്തിനായി തലപുകഞ്ഞാലോചിച്ച് കൂമാൻ !

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന അത്ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ തോൽവി അറിഞ്ഞത്. ഈ ലാലിഗയിൽ ബാഴ്‌സ വഴങ്ങുന്ന മൂന്നാം തോൽവിയായിരുന്നു ഇത്. വമ്പൻ താരനിര തന്നെ ഉണ്ടായിട്ടും ലീഗിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെക്കാൻ ബാഴ്‌സക്ക്‌ കഴിയാതെ പോവുന്നത് കൂമാന് നേരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. ഏതായാലും ഇപ്പോൾ കൂമാനെ അലട്ടുന്ന വിഷയം പരിക്കാണ്. പ്രത്യേകിച്ച് പ്രതിരോധനിരയിലെ പ്രധാനപ്പെട്ട താരങ്ങൾക്കെല്ലാം പരിക്കേറ്റതാണ് കൂമാനെ അലട്ടുന്ന വിഷയം.

സെർജി റോബെർട്ടോ, ജെറാർഡ് പിക്വേ എന്നിവരെയാണ് കഴിഞ്ഞ മത്സരത്തിൽ പരിക്ക് പിടികൂടിയത്. ഇരുവർക്കും കുറച്ചു കാലം കളിക്കാൻ സാധിക്കില്ല എന്നുള്ളത് വ്യക്തമായ കാര്യമാണ്. കൂടാതെ പ്രതിരോധനിരയിലെ തന്നെ റൊണാൾഡ് അരൗഹോ, സാമുവൽ ഉംറ്റിറ്റി എന്നിവരും പരിക്കേറ്റ് വിശ്രമത്തിലാണ്. ഉംറ്റിറ്റിയുടെ അവസ്ഥകളെ കുറിച്ച് ഒരു വിവരവും ബാഴ്സ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചുരുക്കി പറഞ്ഞാൽ ക്ലമന്റ് ലെങ്ലെറ്റ്‌ മാത്രമാണ് ഒരു സെന്റർ ബാക്ക് ഉള്ളത്. ഇനി താരത്തിന് പങ്കാളിയായി ആരെ നിയമിക്കും എന്നാണ് കൂമാൻ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. മുമ്പ് ഡിജോങിനെ സെന്റർ ബാക്ക് പൊസിഷനിൽ കൂമാൻ കളിപ്പിച്ചിരുന്നു. ആ തീരുമാനം തന്നെ ഡൈനാമോ കീവിനെതിരെ ചാമ്പ്യൻസ് ലീഗിൽ വീണ്ടും കൈകൊള്ളുമോ എന്നാണ് ആരാധകർ നോക്കുന്നത്. ബാഴ്സ ബിയിലെ മിങ്കേസ ടീമിനൊപ്പം കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്നു. താരത്തിന് കൂമാൻ അവസരം നൽകുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *