പ്രകടനം ദുരന്തമായിരുന്നു, എല്ലാവരോടും ക്ഷമ ചോദിക്കുന്നു:എൽ ക്ലാസ്സിക്കോ തോൽവിയിൽ മനംനൊന്ത് സാവി പറയുന്നു.
സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ നാണംകെട്ട തോൽവിയാണ് എഫ്സി ബാഴ്സലോണക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.റയൽ മാഡ്രിഡ് അവരെ തച്ചു തകർക്കുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കാണ് റയലിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ മറ്റൊരു ബ്രസീൽ സൂപ്പർ താരം റോഡ്രിഗോയുടെ വകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് എഫ്സി ബാഴ്സലോണ പരാജയം സമ്മതിച്ചിരുന്നു. ഇക്കാര്യം ബാഴ്സയുടെ പരിശീലകനായ സാവി തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ തങ്ങളുടെ ഡിഫൻസ് വളരെയധികം ദുരന്തമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എല്ലാ ബാഴ്സ ആരാധകരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.മത്സരശേഷം സാവി പറഞ്ഞത് ഇങ്ങനെയാണ്.
🏆⚪️ Real Madrid win the Spanish Supercup! pic.twitter.com/2zU4tSbENX
— Fabrizio Romano (@FabrizioRomano) January 14, 2024
“ഒരിക്കലും ഇതുപോലെ ഒരു ഫൈനലിന് ഞങ്ങൾക്ക് വരാൻ കഴിയില്ല.ഞങ്ങളുടെ പ്രതിരോധം ദുരന്തമായിരുന്നു, ഞങ്ങളുടെ ഹൈ പ്രസ്സിങ്ങും ദുരന്തമായിരുന്നു.രണ്ട് ഗോളുകൾ വഴങ്ങിക്കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ഒരു ഫൈനൽ തുടങ്ങാൻ സാധിക്കില്ല.ലെവന്റോസ്ക്കിയിലൂടെ ഞങ്ങൾ തിരിച്ചടിച്ചുവെങ്കിലും പെനാൽറ്റി വഴങ്ങി. യഥാർത്ഥത്തിൽ അത് പെനാൽറ്റി ഒന്നുമായിരുന്നില്ല എന്റെ അഭിപ്രായത്തിൽ. അത് വീണ്ടും ഞങ്ങളെ പുറകോട്ട് കൊണ്ടുപോയി.മത്സരത്തിന്റെ രണ്ടാം പകുതിയും വളരെ മോശമായിരുന്നു.അവരുടെ മുന്നേറ്റങ്ങളെ തടയാൻ ഞങ്ങൾക്ക് സാധിച്ചില്ല.ഫൗളുകൾ നടത്തിയില്ല,അതുകൊണ്ടാണ് രണ്ടു ഗോളുകൾ തുടക്കത്തിൽ തന്നെ വഴങ്ങേണ്ടിവന്നത്. ഞങ്ങൾ പരിശീലനത്തിൽ ഇത് ശ്രദ്ധിച്ചിരുന്നുവെങ്കിലും കളിക്കളത്തിൽ വർക്ക് ഔട്ട് ആക്കാൻ കഴിഞ്ഞില്ല.ബാഴ്സ പരിശീലകൻ എന്ന നിലയിൽ മാത്രമല്ല, ബാഴ്സ ആരാധകൻ എന്ന നിലയിലും ഞാൻ വളരെയധികം ദുഃഖത്തിലാണ്. ഞങ്ങളുടെ എല്ലാ ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു, ഞങ്ങൾ തിരിച്ചടിക്കുക തന്നെ ചെയ്യും “ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തങ്ങളുടെ കരിയറിലെ പതിമൂന്നാമത്തെ സൂപ്പർ കപ്പ് കിരീടമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ ഇതുവരെ 9 തവണയാണ് റയൽ മാഡ്രിഡ് ബാഴ്സയും ഏറ്റുമുട്ടിയിട്ടുള്ളത്.അതിൽ 7 തവണയും വിജയിച്ചു കൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡ് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തോൽവിക്ക് പകരം വീട്ടാനും റയലിന് സാധിച്ചു.