പോർച്ചുഗീസ് സൂപ്പർ താരം ബാഴ്സയിലെത്തുമോ? ശക്തമായ ടീമാണ് നിർമ്മിക്കുന്നതെന്ന് എറിക്ക് ഗാർഷ്യ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്സക്ക് സാധിച്ചിരുന്നു.ആൻഡ്രിയാസ് ക്രിസ്റ്റൻസൺ,ഫ്രാങ്ക് കെസ്സി,റാഫീഞ്ഞ,റോബർട്ട് ലെവന്റോസ്ക്കി എന്നിവരെയാണ് ഇതുവരെ ബാഴ്സ ടീമിൽ എത്തിച്ചിട്ടുള്ളത്. ഇനി ബെർണാഡോ സിൽവ,ജൂലസ് കൂണ്ടെ,ആസ്പിലിക്യൂട്ട,മാർക്കോസ് അലോൺസോ എന്നിവരെയും ബാഴ്സ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
ഏതായാലും മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവ ബാഴ്സയിൽ എത്തുമോ എന്നുള്ള ചോദ്യത്തോട് ബാഴ്സ താരമായ എറിക്ക് ഗാർഷ്യ മറുപടി പറഞ്ഞിട്ടുണ്ട്. തങ്ങൾ സുഹൃത്തുക്കളാണെന്നും എന്നാൽ താൻ ഇതുവരെ അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നുമാണ് ഗാർഷ്യ പറഞ്ഞിട്ടുള്ളത്. മികച്ച താരങ്ങളെ സ്വന്തമാക്കി കൊണ്ട് ശക്തമായ ടീം നിർമ്മിക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഗാർഷ്യയുടെ വാക്കുകൾ ഇങ്ങനെയാണ്.
Eric García: "I haven't talked to Bernardo Silva. We're friends, and we all know how great he is. But I don't know what's going to happen." pic.twitter.com/TvzBrTsiWv
— Barça Universal (@BarcaUniversal) July 20, 2022
” ബാഴ്സയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല.തീർച്ചയായും ഞങ്ങൾ സുഹൃത്തുക്കളാണ്. അദ്ദേഹം എത്രത്തോളം മികച്ച താരമാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം.പക്ഷേ ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് എനിക്കറിയില്ല.ഒരുപാട് മികച്ച താരങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ ടീം നിർമ്മിക്കുകയാണ് ഞങ്ങളിപ്പോൾ ചെയ്യുന്നത് ” ഇതാണ് എറിക്ക് ഗാർഷ്യ പറഞ്ഞിട്ടുള്ളത്.
മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് എറിക്ക് ഗാർഷ്യയും ബെർണാഡോ സിൽവയും. മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന ഫെറാൻ ടോറസും നിലവിൽ ബാഴ്സ താരമാണ്. ബാഴ്സയുടെ പരിശീലകനായ സാവിക്ക് വലിയ താല്പര്യമുള്ള താരം കൂടിയാണ് ബെർണാഡോ സിൽവ.