പോർച്ചുഗീസ് താരങ്ങൾ പടിയിറങ്ങിയെന്ന് ബാഴ്സ, പിന്നാലെ പിൻവലിച്ചു, ആകെ കൺഫ്യൂഷൻ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു ബാഴ്സലോണ 2 പോർച്ചുഗീസ് താരങ്ങളെ സ്വന്തമാക്കിയത്.അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ജോവോ ഫെലിക്സിനെയും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ജോവോ കാൻസലോയേയുമായിരുന്നു ബാഴ്സലോണ സ്വന്തമാക്കിയിരുന്നത്.രണ്ടുപേരെയും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു ക്ലബ്ബ് കൊണ്ടുവന്നിരുന്നത്.
മോശമല്ലാത്ത രൂപത്തിൽ രണ്ടു താരങ്ങളും കളിച്ചിട്ടുണ്ട്.ഈ താരങ്ങളെ ബാഴ്സക്ക് നിലനിർത്താൻ താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.ഇന്നലെയായിരുന്നു ഇരുവരുടെയും കോൺട്രാക്ട് അവസാനിച്ചത്. ഇതിന് പിന്നാലെ ഈ താരങ്ങൾ പടിയിറങ്ങിയെന്ന് ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടുപേർക്കും നന്ദി പറഞ്ഞുകൊണ്ട് ബാഴ്സ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു.
പക്ഷേ പിന്നീടാണ് ട്വിസ്റ്റ് സംഭവിച്ചത്.ബാഴ്സയുടെ മനസ്സു മാറി. രണ്ട് പോസ്റ്റുകളും ബാഴ്സ പിൻവലിച്ചു. ഇതോടെ ഇതിലെ സത്യാവസ്ഥ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.നിലവിൽ ഒരു കൺഫ്യൂഷൻ അവർക്കിടയിൽ നിലനിൽക്കുന്നുണ്ട്.ഈ രണ്ട് താരങ്ങളെയും നിലനിർത്തിയാൽ കൊള്ളാം എന്നുള്ള നിലപാടിലാണ് ഇപ്പോൾ ബാഴ്സലോണ ഉള്ളത്.അതിനുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതായത് ഈ രണ്ടു താരങ്ങളെയും സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്.പക്ഷേ അതൊരിക്കലും എളുപ്പമല്ല. എന്തെന്നാൽ രണ്ടു താരങ്ങൾക്കും വലിയ തുക ബാഴ്സ ചിലവഴിക്കേണ്ടി വന്നേക്കും. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സക്ക് അതൊരിക്കലും എളുപ്പമാവില്ല. 42 മത്സരങ്ങളിൽ നിന്ന് 9 ഗോൾ പങ്കാളിത്തങ്ങളാണ് ക്യാൻസലോ വഹിച്ചതെങ്കിൽ 44 മത്സരങ്ങളിൽ നിന്ന് 16 ഗോൾ പങ്കാളിത്തങ്ങൾ ഫെലിക്സ് വഹിച്ചിട്ടുണ്ട്. ഈ രണ്ടു താരങ്ങളെയും നിലനിർത്താൻ ഫ്ലിക്കിന് താല്പര്യമുണ്ട് എന്നാണ് റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.