പേടിക്കേണ്ട,അത് വെഗാസിൽ തന്നെ നിൽക്കും : റയലിനെ പരിഹസിച്ച് ലാപോർട്ടയുടെ പരസ്യബോർഡ്!
പ്രീ സൗഹൃദ മത്സരത്തിൽ നാളെ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് എൽ ക്ലാസ്സിക്കോ പോരാട്ടമാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 8:30-നാണ് റയലും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുക. അമേരിക്കയിലെ ലാസ് വെഗാസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിനു മുന്നേ റയൽ മാഡ്രിഡിനെ ട്രോളി കൊണ്ട് ഒരു പരസ്യ ബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ബാഴ്സ പ്രസിഡന്റായ ജോയൻ ലാപോർട്ടയുടെ ചിത്രമാണ് ഈ ഇലക്ട്രോണിക് ബാനറിൽ ഉള്ളത്. അതിൽ കുറിച്ചിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്.
” പേടിക്കേണ്ട റയൽ മാഡ്രിഡ്.ലാസ് വെഗാസിൽ എന്താണോ സംഭവിക്കുന്നത് അത് വെഗാസിൽ തന്നെ തുടരുന്നതാണ് ” ഇതാണ് അതിലെ പരസ്യവാചകം.
അതായത് റയലിനോട് പേടിക്കേണ്ട ആവശ്യമില്ലെന്നും എന്ത് സംഭവിച്ചാലും അത് അവിടം കൊണ്ട് അവസാനിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ലാപോർട്ടയുടെ ക്യാമ്പയിൻ മാനേജറായ ലൂയിസ് കരാസ്ക്കോയാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.ലാസ് വെഗാസിൽ എന്താണോ സംഭവിക്കുന്നത് അത് വെഗാസിൽ തന്നെ തുടരുമെന്നുള്ള പരസ്യവാചകം വർഷങ്ങളായി അമേരിക്കയിൽ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ്.പക്ഷെ ഇത്തവണ അത് റയലിനെ ട്രോളാൻ വേണ്ടിയാണ് ബാഴ്സ ഉപയോഗിച്ചത് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
— Murshid Ramankulam (@Mohamme71783726) July 23, 2022
കഴിഞ്ഞ സീസണിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് തകർന്നടിഞ്ഞിരുന്നു. ആ ഒരു വമ്പൻ തോൽവി ഓർമ്മിപ്പിക്കുകയാണ് ഇതിലൂടെ ലാപോർട്ട ചെയ്തിട്ടുള്ളത്.ബാഴ്സ പ്രസിഡൻഷ്യൽ ഇലക്ഷന്റെ സമയത്തും ഇത്തരം പരസ്യ ബോർഡുകൾ സ്ഥാപിച്ചുകൊണ്ട് ലാപോർട്ട ആരാധകർക്കിടയിൽ വലിയ ജനപ്രീതി നേടിയെടുത്തിരുന്നു.
ഈ പ്രീ സീസണിലെ ആദ്യ സൗഹൃദ മത്സരമാണ് ബാഴ്സക്കെതിരെ റയൽ കളിക്കാനിരിക്കുന്നത്. അതേസമയം കഴിഞ്ഞ സൗഹൃദമത്സരത്തിൽ ഇന്റർ മിയാമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സയുടെ വരവ്.