പെലെയുടെ നാല്പത്തിമൂന്ന് വർഷത്തെ റെക്കോർഡ് തകർക്കാനൊരുങ്ങി മെസ്സി

ലാലിഗ പുനരാരംഭിക്കുമ്പോൾ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് രണ്ട് അപൂർവറെക്കോർഡുകളാണ്. ഈ സീസണിൽ ഇനിയും ഗോളടിച്ചു കൂട്ടുകയാണെങ്കിൽ തീർച്ചയായും മെസ്സിക്ക് കീഴടക്കാൻ കഴിയുന്ന രണ്ട് അപൂർവറെക്കോർഡുകൾ. അതിലൊന്ന് ഫുട്ബോൾ രാജാവ് എന്നറിയപ്പെടുന്ന പെലെയുടെ നാല്പത്തിമൂന്നു വർഷം പഴക്കമുള്ള റെക്കോർഡാണ്. ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡ് കഴിഞ്ഞ 43 വർഷമായി കയ്യടക്കിവെച്ചിരിക്കുന്നത് പെലെയാണ്. ബ്രസീലിയൻ ക്ലബ്‌ സാന്റോസിന് വേണ്ടി പെലെ അടിച്ചു കൂട്ടിയ 643 ഗോളുകൾ ആണ് നിലവിൽ ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. മെസ്സിയാവട്ടെ ബാഴ്സക്ക് വേണ്ടി ഇതുവരെ 627 ഗോളുകൾ നേടി കഴിഞ്ഞു.ഇനി പതിനാറ് ഗോളുകൾ ബാഴ്സ ജേഴ്‌സിയിൽ താരം നേടിയാൽ ഈ റെക്കോർഡ് മെസ്സിക്ക് സ്വന്തമാവും. ഈ സീസണിൽ പതിനൊന്ന് ലാലിഗ മത്സരങ്ങളും കുറഞ്ഞത് ഒരു ചാമ്പ്യൻസ് ലീഗ് മത്സരവും താരത്തിന് അവശേഷിക്കുന്നുണ്ട്. നിലവിൽ 19 ലീഗ് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. മെസ്സി തകർപ്പൻ ഫോം തുടർന്നാൽ ഈ സീസണിൽ തന്നെ റെക്കോർഡ് കടപുഴകിയേക്കും. അതല്ല എങ്കിൽ അടുത്ത സീസൺ വരെ താരം കാത്തിരിക്കേണ്ടി വരും.

താരത്തെ കാത്തിരിക്കുന്ന മറ്റൊരു റെക്കോർഡ് എന്നുള്ളത് ലാലിഗയിലെ റെക്കോർഡ് ആണ്. ലാലിഗയിൽ ഏറ്റവും കൂടുതൽ ടോപ് സ്കോറെർ ആയ താരം എന്നുള്ള റെക്കോർഡ് നിലവിൽ മെസ്സിയും മുൻ അത്ലറ്റികോ ബിൽബാവോ ഇതിഹാസം സാറയും പങ്കിടുകയാണ്. ഇരുവരും ആറ് തവണയാണ് ലാലിഗ ടോപ് സ്കോറെർക്കുള്ള പിച്ചിച്ചി ട്രോഫി നേടിയിട്ടുള്ളത്. ഈ തവണ മെസ്സി ലീഗ് ടോപ് സ്കോറെർ പദവി നേടിയാൽ അദ്ദേഹത്തെ പിന്നിലാക്കി മെസ്സി ഈ റെക്കോർഡും സ്വന്തം പേരിലാക്കും. നിലവിൽ മെസ്സിയാണ് ഒന്നാമത്. പത്തൊൻപത് ഗോളുകളാണ് താരത്തിന്റെ പേരിൽ. പതിനാല് ഗോളുകൾ നേടിയ കരിം ബെൻസീമയാണ് രണ്ടാമത്. ഇത്തവണ മെസ്സി തന്നെ പിച്ചിച്ചി നേടും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഏതായാലും ഈ റെക്കോർഡുകൾ തകർക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് മെസ്സി ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *