പെരസ് വഴങ്ങുമെന്ന് കരുതി,റാമോസ് റയൽ വിട്ടത് അബദ്ധം : മുൻ താരം
ഈ സീസണിലായിരുന്നു സൂപ്പർതാരം സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ റാമോസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ നല്ല രൂപത്തിലല്ല മുന്നോട്ട് പോയത്. പരിക്കുകൾ കാരണം ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.പിഎസ്ജി ആരാധകർ തന്നെ അദ്ദേഹത്തെ കൂവി വിളിക്കുകയും ചെയ്തിരുന്നു.
ഏതായാലും മുൻ റയൽ മാഡ്രിഡ് താരമായിരുന്ന ഹോസെ മരിയ ഗുട്ടിറസ് റാമോസിനെ പറ്റി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് റാമോസ് റയൽ വിട്ടത് അബദ്ധമായി പോയി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇതിനുള്ള വിശദീകരണവും ഗുട്ടിറസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എൽ ചിരിങ്കിറ്റോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുട്ടിറസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Former Player Explains Why Sergio Ramos Made a Mistake Leaving Real Madrid https://t.co/8CK3qRIF6f
— PSG Talk (@PSGTalk) April 20, 2022
” താൻ ചെയ്തത് അബദ്ധമായി പോയി എന്നുള്ളത് സെർജിയോ റാമോസിനറിയാം.കാരണം ക്ലബുമായുള്ള ചർച്ചയുടെ സമയത്ത് അദ്ദേഹം പിടിവാശിയിലായിരുന്നു.താൻ പറയുന്ന എന്ത് കാര്യത്തിനും ഫ്ലോറെന്റിനോ പെരസ് വഴങ്ങുമെന്നായിരുന്നു റാമോസ് കരുതിയിരുന്നത്. പക്ഷെ എല്ലാത്തിനേക്കാളും മുകളിൽ പെരസിന് റയൽ മാഡ്രിഡാണ് വലുത് എന്നുള്ളത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. റാമോസ് ഇപ്പോൾ ഖേദിക്കുന്നുണ്ടാവും. കാരണം അദ്ദേഹമൊരു റയൽ മാഡ്രിഡ് ഇതിഹാസമാണ്. അദ്ദേഹത്തിന് ഇവിടെ തന്നെ കരിയർ പൂർത്തിയാക്കാമായിരുന്നു. ആ പ്രിവിലേജ് മുതലെടുക്കാൻ അദ്ദേഹം ശ്രമിച്ചില്ല. മറിച്ച് അദ്ദേഹം പിൻവാതിലിലൂടെ ക്ലബ്ബിന് പുറത്തേക്ക് പോയി.അത് റാമോസിന് ഒരു മോശം തുടക്കമാണ് നൽകിയത് ” ഇതാണ് ഗുട്ടിറസ് പറഞ്ഞിട്ടുള്ളത്.
ഈ ലീഗ് വണ്ണിൽ കേവലം 8 മത്സരങ്ങൾ മാത്രമാണ് റാമോസ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് രണ്ട് ഗോളുകൾ ഈ സെന്റർ ബാക്ക് കരസ്ഥമാക്കിയിട്ടുണ്ട്.