പെരസിന്റെയും ആഞ്ചലോട്ടിയുടെയും സ്വപ്നം,ബെൻസിമക്ക് പകരക്കാരനായി കൊണ്ട് ഹാവേർട്സ് എത്തുന്നു!
റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളായി കൊണ്ടാണ് കരിം ബെൻസിമ ക്ലബ്ബ് വിട്ടത്. ദീർഘകാലത്തെ റയൽ കരിയറിന് താരം വിരാമം കുറിക്കുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിലേക്ക് ബെൻസിമ ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റയൽ മാഡ്രിഡിന്റെ കുന്തമുനയായി പ്രവർത്തിക്കുന്ന ബെൻസിമയുടെ അഭാവം റയലിന് ഒരു തിരിച്ചടി തന്നെയായിരിക്കും.
അതുകൊണ്ടുതന്നെ ഒരു മികച്ച സ്ട്രൈക്കറെ നിലവിൽ റയലിന് അത്യാവശ്യമാണ്. ആ സ്ഥാനത്തേക്ക് ഇപ്പോൾ റയൽ മാഡ്രിഡ് പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസും പരിശീലകനായ കാർലോ ആഞ്ചലോട്ടിയും ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് ചെൽസിയുടെ ജർമ്മൻ സൂപ്പർതാരമായ കായ് ഹാവേർട്സിനെയാണ്.ഗോൾ ഡോട്ട് കോം അടക്കമുള്ള ഒട്ടുമിക്ക മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
പെരസിനെ സംബന്ധിച്ചിടത്തോളവും ആഞ്ചലോട്ടിയെ സംബന്ധിച്ചിടത്തോളം ഹാവേർട്സ് എന്ന താരം അവരുടെ സ്വപ്നമാണ്. താരത്തിന് വേണ്ടി ഒരു വലിയ തുക തന്നെ റയൽ മാഡ്രിഡ് മുടക്കാൻ തയ്യാറായേക്കുമെന്നും ജർമ്മൻ മാധ്യമമായ ബിൽഡ് കണ്ടെത്തിയിട്ടുണ്ട്. ചെൽസി സ്വന്തമാക്കുന്നതിന് മുന്നേ തന്നെ താരത്തിൽ റയലിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും അന്ന് അത് നടക്കാതെ പോവുകയായിരുന്നു. നിലവിൽ ഈ ജർമൻ താരത്തെ ചെൽസി കൈവിടാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
🚨🎖| Talks are ongoing between Real Madrid and Kai Havertz's management. The player has been thinking about leaving Chelsea for some time. @kerry_hau pic.twitter.com/Wg4wSlxy0N
— Madrid Xtra (@MadridXtra) June 5, 2023
കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി 9 ഗോളുകളാണ് ഹാവേർട്സ് നേടിയിട്ടുള്ളത്.ഹാവേർട്സിനെ കൂടാതെ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർ ആയ ഹാരി കെയ്നിനെയും റയൽ മാഡ്രിഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. പക്ഷേ താരത്തിന് വേണ്ടി ഭീമൻ തുക തന്നെ ടോട്ടൻഹാം ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഹാരി കെയ്നിനെ പരിഗണിക്കുന്നുണ്ട്. ഏതായാലും ബെൻസിമയുടെ സ്ഥാനത്തേക്ക് ആരു വരും എന്നറിയാനുള്ള കാത്തിരിപ്പിലാണ് അവരുടെ ആരാധകരുള്ളത്.