പെപ് കാണിച്ച മാജിക്ക് ഫ്ലിക്ക് ബാഴ്സയിൽ തിരിച്ചുകൊണ്ടുവരും:മത്തേവൂസ്
എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവിയെ കഴിഞ്ഞ ദിവസം ക്ലബ്ബ് പുറത്താക്കിയിരുന്നു. ക്ലബ്ബ് വിടാൻ തീരുമാനിച്ച ചാവിയെ നിലനിർത്താൻ തീരുമാനിച്ചത് ബാഴ്സ തന്നെയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ബാഴ്സ തീരുമാനം മാറ്റുകയും ചാവിയെ പുറത്താക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്. എന്നാൽ മികച്ച ഒരു പരിശീലകനെ തന്നെയാണ് ബാഴ്സലോണ കൊണ്ടുവരുന്നത്. ജർമ്മൻ പരിശീലകനായ ഹാൻസി ഫ്ലിക്കാണ് ബാഴ്സലോണയുടെ പുതിയ പരിശീലകനായി കൊണ്ട് ചുമതലയേൽക്കുക.
ബയേണിന് ഒരു സീസണിൽ 6 കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് ഫ്ലിക്ക്. സമീപകാലത്ത് മോശം അവസ്ഥയിലൂടെ പോയിക്കൊണ്ടിരിക്കുന്ന ബാഴ്സയെ തിരികെ കൊണ്ടുവരിക എന്ന ദൗത്യമാണ് അദ്ദേഹത്തിനു മുന്നലുള്ളത്.അതിന് ഹാൻസി ഫ്ലിക്കിന് സാധിക്കുമെന്ന് ജർമ്മൻ ഇതിഹാസമായ ലോതർ മത്തേവൂസ് പറഞ്ഞിട്ടുണ്ട്.പെപ് ബാഴ്സലോണയിൽ കാണിച്ച മാജിക് ഫ്ലിക്ക് തിരികെ കൊണ്ടുവരുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ജർമൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഫ്ലിക്കിന്റെ കാര്യത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഒരുപാട് കാലമായി അദ്ദേഹം ബാഴ്സലോണയുമായി കോൺടാക്ടിൽ ഉണ്ടായിരുന്നു.അദ്ദേഹം വളരെയധികം ക്ഷമ കാണിച്ചു. ഒരു വേൾഡ് ക്ലാസ് ക്ലബ്ബിലേക്കാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഒരുപാട് മികച്ച താരങ്ങൾ ബാഴ്സലോണക്ക് ഉണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ട്രാൻസ്ഫർ മാർക്കറ്റുകളിൽ അവർ മികച്ച താരങ്ങളെ സ്വന്തമാക്കുന്നുണ്ട്. പ്രതിഭകളെ പ്രമോട്ട് ചെയ്യുന്നതിലും പോളിഷ് ചെയ്തെടുക്കുന്നതിലും മികവ് കാണിക്കുന്നവനാണ് ഫ്ലിക്ക്. ബാഴ്സലോണ പെപ് ഗാർഡിയോളക്ക് കീഴിൽ അസാധാരണ പ്രകടനം നടത്തിയവരാണ്. ആ മാജിക് തിരികെ കൊണ്ടുവരാൻ ഫ്ലിക്കിന് സാധിക്കും ” ഇതാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്.
നാല് വർഷത്തിനിടെ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി കിരീടങ്ങൾ ബാഴ്സലോണക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് പെപ്.അതിനുശേഷം ഇത്രയധികം നേട്ടങ്ങൾ ഉണ്ടാക്കിയ ഒരു പരിശീലകനെ ബാഴ്സക്ക് ലഭിച്ചിട്ടില്ല. ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ലഭിച്ചിട്ട് ബാഴ്സ ഇപ്പോൾ 10 വർഷത്തോളം പൂർത്തിയാക്കുകയാണ്. അവർക്ക് ഒരു തിരിച്ചു വരവ് അനിവാര്യമായ സമയമാണിത്.