പെപ്പിന് ശേഷമുള്ള രണ്ടാമത്തെ മികച്ച പരിശീലകൻ:ചാവിയോട് നേരിട്ട് പറഞ്ഞ് ഹെൻറി!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.പലപ്പോഴും അവർക്ക് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.വിയ്യാറയലിനോട് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ ബാഴ്സലോണ പരിശീലകനായ ചാവി രാജി പ്രഖ്യാപിച്ചിരുന്നു.ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നായിരുന്നു ചാവി പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് ബാഴ്സലോണക്ക് പുതിയ ഒരു പരിശീലകനെ ആവശ്യമുണ്ട്.

കഴിഞ്ഞ ദിവസം സിബിഎസ് സ്പോർട്സിന്റെ ഒരു ലൈവ് ഇന്റർവ്യൂവിൽ ചാവിയും ഫ്രഞ്ച് ഇതിഹാസമായ ഹെൻറിയും മുഖാമുഖം വന്നിരുന്നു.ചാവി എന്ന പരിശീലകനെ ഹെൻറി വളരെയധികം പ്രശംസിച്ചിട്ടുണ്ട്.പെപ്പിന് ശേഷമുള്ള രണ്ടാമത്തെ പരിശീലകനാണ് നിങ്ങൾ എന്നാണ് ഹെൻറി ചാവിയോട് നേരിട്ട് പറഞ്ഞിട്ടുള്ളത്.ഹെൻറിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” എനിക്ക് ആദ്യമായി പറയാനുള്ള കാര്യം,നിങ്ങൾ ബാഴ്സലോണയിൽ ചെയ്ത ജോലിയിൽ ഞാൻ വളരെയധികം മതിപ്പുള്ള വ്യക്തിയാണ്. ആളുകൾ എന്ത് പറയുന്നു എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല.നിങ്ങൾ ലാലിഗ കിരീടം അവിടെ നേടിയിട്ടുണ്ട്.തീർച്ചയായും അക്കാര്യത്തിൽ നിങ്ങൾക്ക് അഭിമാനിക്കാം.നിങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.ബാഴ്സലോണയിൽ വെച്ച് ഒരുപാട് കാര്യങ്ങൾ നിങ്ങൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്.ഈ ബുദ്ധി വൈഭവം ഇനിയും തുടരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നിങ്ങളെക്കാൾ മുകളിലുള്ള ഏക വ്യക്തി പെപ് ഗാർഡിയോള മാത്രമാണ്.മത്സരങ്ങളെ നോക്കിക്കാണുന്ന കാര്യത്തിൽ നിങ്ങൾ മികച്ച രണ്ടാമത്തെ പരിശീലകനാണ് ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.

ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ചാവിയും ഹെൻറിയും. നേരത്തെ ഖത്തർ ക്ലബ്ബായ അൽ സാദിനെ ചാവി പരിശീലിപ്പിക്കുകയും നിരവധി നേട്ടങ്ങൾ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബാഴ്സലോണയിൽ അദ്ദേഹം പ്രതീക്ഷിച്ച രൂപത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയില്ല എന്നുള്ളതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *