പെനാൽറ്റി തന്നെയെന്ന് റാമോസ്, അല്ലെന്ന് വിദഗ്ധർ, വിവാദം പുകയുന്നു !

ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ റയലിനോട് തകർന്നടിഞ്ഞത്. മത്സരത്തിന്റെ രണ്ടാം ഗോൾ പിറന്നത് സെർജിയോ റാമോസ് നേടിയ പെനാൽറ്റി ഗോളിലൂടെയായിരുന്നു.റാമോസിനെ ബോക്സിനകത്ത് വെച്ച് ജേഴ്സി പിടിച്ചു വലിച്ചതിനെ തുടർന്നായിരുന്നു റയലിന് പെനാൽറ്റി അനുവദിച്ചത്. VAR സംവിധാനം ഉപയോഗിച്ചു കൊണ്ടാണ് റഫറി റയലിന് പെനാൽറ്റി നൽകിയത്. എന്നാൽ ഈ പെനാൽറ്റിയെ കുറിച്ച് വിവാദം പുകയുകയാണ്. അത്‌ പെനാൽറ്റിയല്ല എന്നാണ് റഫറിയിങ് വിദഗ്ദനായ ആൻഡർ ഒലിവർ അഭിപ്രായപ്പെട്ടത്. “അവിടെ ചെറിയ രീതിയിലുള്ള പിടിച്ചു വലിക്കൽ മാത്രമേ നടന്നിട്ടൊള്ളൂ. അതൊരിക്കലും പെനാൽറ്റിക്കുള്ള ഒരു കാരണമല്ല. അത്തരത്തിലുള്ളതിനൊക്കെ പെനാൽറ്റി നൽകാൻ നിന്നാൽ ഒരു മത്സരത്തിൽ 40 പെനാൽറ്റികൾ നൽകേണ്ടി വരും ” ഇതായിരുന്നു ഒലിവർ അഭിപ്രായപ്പെട്ടത്.

എന്നാൽ അത്‌ പെനാൽറ്റി തന്നെയാണ് എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ്. താൻ ഹെഡ് ചെയ്യാൻ വേണ്ടി ചാടാനൊരുങ്ങിയപ്പോൾ അദ്ദേഹം എന്നെ പിടിച്ചു വെക്കുകയാണ് ചെയ്തത് എന്നാണ് റാമോസ് ആരോപിച്ചത്. ” അത്‌ വ്യക്തമായും പെനാൽറ്റി തന്നെയാണ്. ഞാൻ ചാടാനൊരുങ്ങിയപ്പോൾ അദ്ദേഹം എന്നെ പിടിച്ചു വലിക്കുകയാണ് ചെയ്തത്. വ്യക്തമായ രീതിയിലുള്ള പെനാൽറ്റി തന്നെയാണ്. വ്യക്തമായ ഒരു സംഭവത്തിന്റെ പേരിൽ റഫറിയെ കുറ്റപ്പെടുത്തുന്നത് നീതിക്ക് നിരക്കാത്ത കാര്യമാണ്. മത്സരം 2-1 ആയപ്പോഴും ഞങ്ങൾ ആക്രമിക്കാൻ തന്നെയാണ് തീരുമാനിച്ചത്. അത്കൊണ്ട് മത്സരം ഞങ്ങളുടെ വരുതിയിലാക്കാൻ സാധിച്ചു ” റാമോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *