പെനാൽറ്റിയോട് പെനാൽറ്റി, വലൻസിയക്ക് മുന്നിൽ തകർന്നടിഞ്ഞ് റയൽ മാഡ്രിഡ്‌ !

മൂന്ന് പെനാൽറ്റികളും ഒരു സെൽഫ് ഗോളും. ഇന്നലെ റയൽ മാഡ്രിഡ്‌ വലൻസിയയോട് വഴങ്ങിയ കണക്കുകളാണിത്.മത്സരത്തിൽ 4-1 എന്ന സ്കോറിനാണ് റയൽ മാഡ്രിഡ്‌ വലൻസിയക്ക്‌ മുന്നിൽ തകർന്നടിഞ്ഞത്. സൂപ്പർ താരങ്ങളുടെ അഭാവത്തിൽ കളത്തിലിറങ്ങിയ റയൽ മാഡ്രിഡിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. വലൻസിയ താരം കാർലോസ് സോളറുടെ ഹാട്രിക്കാണ് റയൽ മാഡ്രിഡിന്റെ പതനത്തിന് കാരണമായത്.റയൽ വഴങ്ങിയ മറ്റൊരു ഗോൾ റാഫേൽ വരാനെയുടെ സെൽഫ് ഗോളായിരുന്നു. റയൽ മാഡ്രിഡിന്റെ ഗോൾ കരിം ബെൻസിമയാണ് നേടിയത്. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റാണ് റയൽ മാഡ്രിഡിന്റെ സമ്പാദ്യം. റയൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തും വലൻസിയ ഒമ്പതാം സ്ഥാനത്തുമാണ്.

ഹസാർഡ്, കാസമിറോ, കാർവഹൽ എന്നിവരുടെ അഭാവത്തിലാണ് റയൽ മാഡ്രിഡ്‌ ആദ്യ ഇലവനെ ഇറക്കിയത്. മത്സരത്തിന്റെ 23-ആം മിനിറ്റിൽ മാഴ്‌സെലോയുടെ അസിസ്റ്റിൽ നിന്നും തകർപ്പനൊരു ലോങ്ങ്‌ റേഞ്ചിലൂടെ ബെൻസിമ വല കുലുക്കുകയായിരുന്നു. എന്നാൽ മുപ്പതാം മിനുട്ടിൽ വാസ്‌ക്കസ് ഹാൻഡ് ബോൾ വഴങ്ങിയതിന് തുടന്ന് ലഭിച്ച പെനാൽറ്റി കോർട്ടുവ തടുത്തുവെങ്കിലും റീബൗണ്ടിൽ നിന്ന് വലൻസിയ ഗോൾ നേടി. പക്ഷെ അത് അനുവദിക്കപ്പെടാതെ പെനാൽറ്റി വീണ്ടുമെടുക്കാൻ റഫറി ആവിശ്യപ്പെടുകയും ഇത്തവണ സോളർ ലക്ഷ്യത്തിലേക്ക് എത്തിക്കുകയും ചെയ്തു. 43-ആം മിനിറ്റിലാണ് വരാനെയുടെ സെൽഫ് ഗോൾ വന്നത്. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ സ്വന്തം വലയിലേക്ക് പന്ത് കയറുകയായിരുന്നു. 54-ആം മിനുട്ടിൽ മാഴ്‌സെലോ ചെയ്ത ഫൗളിന്റെ ഫലമായി ലഭിച്ച പെനാൽറ്റി സോളർ ലക്ഷ്യം കണ്ടു. 63-ആം മിനിറ്റിൽ വലൻസിയക്ക്‌ വീണ്ടും പെനാൽറ്റി ലഭിച്ചു. ഇത്തവണ റാമോസിന്റെ ഹാൻഡ്ബോൾ ആണ് റയലിന് വിനയായത്. ഈ പെനാൽറ്റിയും ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് സോളർ ഹാട്രിക് തികച്ചപ്പോൾ റയൽ മാഡ്രിഡിന്റെ പതനം പൂർണ്ണമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *