പെനാൽറ്റികൾ റാമോസിന്, ബെൻസിമക്ക് നഷ്ടമായത് പിച്ചിച്ചി നേടാനുള്ള സുവർണ്ണാവസരം

ഈ സീസണിന്റെ തുടക്കത്തിൽ ലാലിഗയിലെ ടോപ് സ്‌കോറർ പദവി കുറച്ചു നാളത്തേക്ക് അലങ്കരിക്കാൻ കരിം ബെൻസിമക്ക് സാധിച്ചിരുന്നു. പിന്നീട് ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി താരത്തെ മറികടക്കുകയും നിലവിൽ പിച്ചിച്ചി ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നാമനായി നിൽക്കുകയും ചെയ്യുന്നു. എന്നാൽ മെസ്സിയെ മറികടന്ന് ബെൻസിമക്ക് പിച്ചിച്ചി ട്രോഫി നേടാൻ ഈ സീസണിൽ ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. റയൽ മാഡ്രിഡിന് ലഭിച്ച പെനാൽറ്റികൾ നായകൻ റാമോസിന് പകരം ബെൻസിമയെടുത്തിരുന്നുവെങ്കിൽ ടോപ് സ്‌കോറർ പോരാട്ടത്തിൽ മെസ്സിയെ മറികടക്കാൻ ബെൻസിമക്ക് സാധിച്ചേനെ. പക്ഷെ സിദാന്റെ തീരുമാനപ്രകാരം ഫസ്റ്റ് ചോയ്സ് സെർജിയോ റാമോസ് ആവുകയായിരുന്നു. നിലവിൽ ആകെ റയലിന് ലഭിച്ച പത്ത് പെനാൽറ്റികളിൽ ആറെണ്ണവും എടുത്തത് റാമോസ് ആയിരുന്നു.

22 ഗോളുകളുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് മെസ്സി തുടരുന്നത്.അതിൽ അഞ്ച് എണ്ണം പെനാൽറ്റി ആയിരുന്നു. 18 ഗോളുകളുമായി ബെൻസിമ പിന്നിലും. ഒരുപക്ഷെ ബെൻസിമ റയലിന്റെ റെഗുലർ ടേക്കർ ആയിരുന്നുവെങ്കിൽ, റാമോസ് എടുത്ത ആറ് എണ്ണം താരം എടുത്ത് ലക്ഷ്യം കാണുകയും അതുവഴി മെസ്സിയെ മറികടക്കാനും സാധിച്ചേനെ. അതേസമയം റാമോസിനെ പെനാൽറ്റി എടുക്കാൻ നിയോഗിച്ച സിദാന് ഇതുവരെ ദുഖിക്കേണ്ടി വന്നിട്ടില്ല എന്നാണ് സത്യം. ഈ സീസണിൽ ലഭിച്ച പത്ത് പെനാൽറ്റികളിൽ പത്തും റയൽ ലക്ഷ്യം കണ്ടു. ആറെണ്ണം റാമോസിന്റെ വകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ റാമോസിന്റെ അഭാവത്തിൽ ബെൻസിമയായിരുന്നു പെനാൽറ്റി എടുത്തതും ലക്ഷ്യം കണ്ടതും. ലാലിഗയിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ലഭിച്ചത് വിയ്യാറയലിനാണ്. പതിനൊന്നെണ്ണം ലഭിച്ചതിൽ പത്തെണ്ണം അവർ ലക്ഷ്യത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *