പിഎസ്ജിയുടെ ബ്രസീലിയൻ താരത്തെ തിരിച്ചെത്തിക്കാനുള്ള ഓഫർ നിരസിച്ച് ബാഴ്‌സ!
2020-ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ താരമായ റഫീഞ്ഞ അൽകാന്ററ എഫ്സി ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് എത്തിയത്. തുടക്കത്തിൽ താരത്തിന് പിഎസ്ജിയിൽ അവസരങ്ങൾ ലഭിച്ചിരുന്നു. ഇതുവരെ പിഎസ്ജിക്ക് വേണ്ടി 39 മത്സരങ്ങളിൽ നിന്ന് 7 അസിസ്റ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ പോച്ചെട്ടിനോക്ക് കീഴിൽ വേണ്ടത്ര അവസരങ്ങൾ റഫീഞ്ഞക്ക് ഇപ്പോൾ പിഎസ്ജിയിൽ ലഭിക്കുന്നില്ല.
അത്കൊണ്ട് തന്നെ താരമിപ്പോൾ പിഎസ്ജി വിടാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായി റഫീഞ്ഞ സ്വയം തന്റെ മുൻ ക്ലബായ ബാഴ്‌സക്ക് ഓഫർ ചെയ്തിരുന്നു. എന്നാൽ താരത്തെ തിരികെയെത്തിക്കാനുള്ള ഓഫർ ബാഴ്‌സ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ എൽ നാസിയോണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടീമിന്റെ മധ്യനിരയിലേക്ക് താരങ്ങളെ എത്തിക്കാൻ ബാഴ്‌സ പരിശീലകനായ സാവി ഉദ്ദേശിക്കുന്നില്ല.അത്കൊണ്ടാണ് റഫീഞ്ഞയുടെ ഓഫർ ബാഴ്സ തള്ളിക്കളഞ്ഞത്.
— Murshid Ramankulam (@Mohamme71783726) December 26, 2021
അതേസമയം ലാലിഗയിലെ മറ്റൊരു ക്ലബായ റയൽ സോസിഡാഡ് താരത്തെ സ്വന്തമാക്കാൻ സാധ്യതകളുണ്ട്. സൂപ്പർ താരം ഡേവിഡ് സിൽവക്ക് ഒരു ബാക്കപ്പ് എന്ന രൂപേണയാണ് താരത്തെ ഇപ്പോൾ റയൽ സോസിഡാഡ് നോട്ടമിട്ടിരിക്കുന്നത്.
ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്ന താരമാണ് റഫീഞ്ഞ.പിന്നീട് ബാഴ്‌സ,ഇന്റർ മിലാൻ, സെൽറ്റ വിഗോ എന്നിവർക്ക് വേണ്ടി ഒക്കെ താരം കളിച്ചിട്ടുണ്ട്.റഫീഞ്ഞയുടെ സഹോദരനായ തിയാഗോ അൽകാന്ററ നിലവിൽ ലിവർപൂൾ താരമാണ്.