പിഎസ്ജിയും റയലും എന്നെ സമീപിച്ചു.എന്നാൽ…: ടിറ്റെയുടെ വെളിപ്പെടുത്തൽ!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ബ്രസീലിയൻ ടീമിനെ സജ്ജമാക്കുന്ന തിരക്കിലാണ് നിലവിൽ പരിശീലകനായ ടിറ്റെയുള്ളത്. എന്നാൽ ഈ വേൾഡ് കപ്പിന് ശേഷം ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുമെന്നുള്ള കാര്യം നേരത്തെ തന്നെ ടിറ്റെ അറിയിച്ചിരുന്നു. ഏതായാലും നിലവിൽ വേൾഡ് കപ്പിലാണ് അദ്ദേഹം തന്റെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ദി ഗാർഡിയന് ഒരു അഭിമുഖം ടിറ്റെ നൽകിയിരുന്നു. യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡും പിഎസ്ജിയും പരിശീലകനാക്കാൻ വേണ്ടി തന്നെ സമീപിച്ച കാര്യം ടിറ്റെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വേൾഡ് കപ്പ് കിരീടം നേടുക എന്ന ലക്ഷ്യത്തിന് വേണ്ടി താൻ അവരെ നിരസിച്ചുവെന്നും ടിറ്റെ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡും സ്പോർട്ടിങ്ങും എന്നെ സമീപിച്ചിരുന്നു. യൂറോപ്യൻ ടീമുകൾ എനിക്ക് ഇഷ്ടമായത് അവർക്ക് എന്താണോ വേണ്ടത് അതവർ വ്യക്തമാക്കിത്തരും എന്നുള്ളതാണ്.കൂടാതെ പിഎസ്ജിയും എന്നെ സമീപിച്ചിരുന്നു. പക്ഷേ ഞാൻ അവരോട് NO പറഞ്ഞു. അത്തരത്തിലുള്ള സാധ്യതകൾക്ക് തന്നെ ഞാൻ അവസരം നൽകിയില്ല. കാരണം എന്റെ നിലവിലെ ജോലിയിൽ ഫോക്കസ് ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്.2018 മെയ് മാസത്തിലായിരുന്നു പിഎസ്ജി എന്നെ സമീപിച്ചത്.പിന്നീട് വേൾഡ് കപ്പിന് ശേഷം റയൽ മാഡ്രിഡ് എന്റെ അടുത്തേക്ക് വന്നു.എന്നാൽ ഞാൻ അവരിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞുമാറി. കാരണം ഞാൻ വേറെ ഒരു ടീമിന്റെ പരിശീലകൻ ആവാൻ അപ്പോൾ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. എന്റെ ലക്ഷ്യവും ആഗ്രഹവും ഒന്ന് മാത്രമാണ്. വേൾഡ് കപ്പ് കിരീടം നേടുക. വേൾഡ് കപ്പിന് ശേഷം ഞാനെന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കും ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

2019 ലെ കോപ്പ അമേരിക്ക കിരീടം ബ്രസീലിന് നേടിക്കൊടുക്കാൻ കഴിഞ്ഞത് ടിറ്റെയേ സംബന്ധിച്ചിടത്തോളം ഒരു നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *