പിഎസ്ജിക്ക് പവറില്ല,എംബപ്പേ വരും : റയൽ മാഡ്രിഡ് ബോർഡ് മെമ്പർ.

സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് എത്തുമെന്നുള്ള റൂമർ വർഷങ്ങളായി പ്രചരിക്കുന്ന ഒന്നാണ്.കഴിഞ്ഞ സമ്മറിലും അതിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത സമ്മറിൽ അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കും.അത് ഇതുവരെ പുതുക്കാൻ എംബപ്പേ തയ്യാറായിട്ടില്ല. അടുത്ത സമ്മറിലെങ്കിലും എംബപ്പേ വരുമെന്നുള്ള പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ് ആരാധകരുള്ളത്.

ഈ പ്രതീക്ഷ റയൽ മാഡ്രിഡ് ബോർഡ് അംഗമായ ഹോസേ മാനുവൽ ഒറ്റേറോ പങ്കുവെച്ചിട്ടുണ്ട്.ബെല്ലിങ്ഹാം ചിന്തിച്ചതുപോലെ എംബപ്പേ ചിന്തിക്കുമെന്നും അങ്ങനെ അടുത്ത സമ്മറിൽ റയലിലേക്ക് വരുമെന്നുമാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് ഈ ബോർഡ് മെമ്പർ പറഞ്ഞിട്ടുള്ളത്.ഒറ്റേറയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് വരാനുള്ള ഒരു അവസരം എംബപ്പേക്ക് ഉണ്ടായിരുന്നു. പക്ഷേ അത് അദ്ദേഹം ഉപയോഗപ്പെടുത്തിയില്ല. അദ്ദേഹം ബോണസുകൾക്ക് വേണ്ടി അവിടെ നിലകൊണ്ടു. ബെല്ലിങ്ഹാം ചിന്തിച്ചത് പോലെ എംബപ്പേ ചിന്തിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അദ്ദേഹം അടുത്ത സമ്മറിൽ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു.ഇവിടേക്ക് വന്നാൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കും. മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ പിഎസ്ജിക്ക് ശക്തി നഷ്ടമായിട്ടുണ്ട്. പ്രധാനപ്പെട്ട താരങ്ങൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.റയൽ മാഡ്രിഡിന് സെക്യൂരിറ്റി ഗ്യാരണ്ടിയാണ്. തീർച്ചയായും റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ വേണ്ടി ജനിച്ചവനാണ് എംബപ്പേ.അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് വരും ” ബോർഡ് മെമ്പർ പറഞ്ഞു.

താരത്തിന്റെ കരാർ പുതുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.എന്നാൽ താരം ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.പിഎസ്ജിയിലെ അവസാന കുറച്ച് മത്സരങ്ങൾ താരത്തെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *