പിഎസ്ജിക്ക് നന്ദി പറഞ്ഞ് എംബപ്പേ, റയൽ മോഹം ഉപേക്ഷിക്കുമോ?
ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി പിഎസ്ജിയെ വിജയത്തിലേക്ക് നയിച്ചത് സൂപ്പർ താരം കിലിയൻ എംബപ്പേയായിരുന്നു.ഇതിന് ശേഷമായിരുന്നു താരത്തിന് എംവിപി പുരസ്‌കാരം സമ്മാനിക്കപ്പെട്ടത്. പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലീഫിയായിരുന്നു എംബപ്പേക്ക് പുരസ്‌കാരം സമ്മാനിച്ചത്.
പുരസ്‌കാരം നൽകുന്ന ചിത്രം എംബപ്പേ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാനും മറന്നിരുന്നില്ല. അതിന്റെ ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ” എപ്പോഴും കൂടുതൽ നേടാൻ ആഗ്രഹിക്കുന്നു, നന്ദി പിഎസ്ജി ” എന്നായിരുന്നു.
— Murshid Ramankulam (@Mohamme71783726) October 18, 2021
ഇതിന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഒരു വ്യാഖ്യാനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഓരോ ദിവസം കൂടുംതോറും പിഎസ്ജിയിൽ എംബപ്പേ ഹാപ്പിയായി വരികയാണ്. അത്കൊണ്ട് തന്നെ താരം റയലിലേക്ക് ചേക്കേറണമെന്നുള്ള മോഹം ഉപേക്ഷിക്കുമോ എന്ന കാര്യമാണ് ഇവർ പങ്കു വെച്ചിരിക്കുന്നത്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേക്ക് വേണ്ടി റയൽ പരിശ്രമിച്ചിരുന്നുവെങ്കിലും താരത്തെ പിഎസ്ജി വിട്ടു നൽകിയിരുന്നില്ല. അത്കൊണ്ട് തന്നെ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ ഫ്രീ ഏജന്റാവുമ്പോൾ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റയൽ. എന്നാൽ എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കിയാൽ അത് സാധ്യമാവില്ല. പിഎസ്ജി പ്രസിഡന്റ് ഏത് വിധേനെയും താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ്. ഇതൊക്കെ റയലിന് തിരിച്ചടിയാണ് എന്നാണ് മാർക്ക പറഞ്ഞു വെക്കുന്നത്.