പിഎസ്ജിക്കെതിരെ കേസ് നൽകും:എംബപ്പേയുടെ മാതാവ്
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേ പിഎസ്ജി വിട്ടത്. ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ട താരം റയൽ മാഡ്രിഡിലേക്ക് എത്തുകയും ചെയ്തു. ഇത് സാമ്പത്തികപരമായും അല്ലാതെയും പിഎസ്ജിക്ക് നഷ്ടം സൃഷ്ടിച്ച ഒന്നായിരുന്നു. താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടതിൽ പിഎസ്ജി വളരെയധികം ദേഷ്യത്തിലായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാലറി അവർ നൽകിയിരുന്നില്ല.
രണ്ട് മാസത്തെ സാലറിയും ബോണസുമടക്കം ഏകദേശം 80 മില്യൺ യൂറോയോളം പിഎസ്ജി ഇപ്പോഴും എംബപ്പേക്ക് നൽകാനുണ്ട്. എന്നാൽ ഇത് നൽകാൻ പിഎസ്ജിക്ക് ഉദ്ദേശമില്ല. ഇക്കാര്യത്തിൽ താരത്തിന്റെ മാതാവായ ഫയ്സ ലമാരി പ്രതികരണം രേഖപ്പെടുത്തിയിരുന്നു. വേണ്ടിവന്നാൽ പിഎസ്ജിക്കെതിരെ കേസ് നൽകാൻ തങ്ങൾ റെഡിയാണ് എന്നാണ് എംബപ്പേയുടെ അമ്മ പറഞ്ഞിട്ടുള്ളത്.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.
” സാലറിയുടെ കാര്യം ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്. പക്ഷേ വളരെ വേഗത്തിൽ പിഎസ്ജി അത് പരിഹരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം പിഎസ്ജിയിലെ ഓർമ്മകൾ എപ്പോഴും പോസിറ്റീവായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് മുന്നിൽ മറ്റൊരു ഓപ്ഷൻ ഇല്ലെങ്കിൽ തീർച്ചയായും ഞങ്ങൾ ക്ലബ്ബിനെതിരെ പരാതി നൽകും.രണ്ടുവർഷം മുന്നേ ഒപ്പുവച്ച കോൺട്രാക്ടിനെ അവർ റെസ്പെക്ട് ചെയ്യും എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് എംബപ്പേയുടെ അമ്മ പറഞ്ഞിട്ടുള്ളത്.
നിലവിൽ റയൽ മാഡ്രിഡ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.പിഎസ്ജിയിൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന സാലറി വെച്ച് നോക്കുമ്പോൾ വളരെ ചെറിയ സാലറിയാണ് താരത്തിന് റയൽ മാഡ്രിഡിൽ ലഭിക്കുന്നത്. മറ്റു പല ക്ലബ്ബുകളുടെയും ഓഫറുകൾ ഉണ്ടായിട്ടും തന്റെ റയലിനെ തിരഞ്ഞെടുത്തത് ഇവിടെ കളിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്ന് എംബപ്പേ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.